താനും ദിലീപും തമ്മിലുള്ള ബന്ധം നടിക്ക് അറിയാമായിരുന്നെന്ന് കാവ്യയുടെ മൊഴി ; താരത്തിന്റെ അമ്മയേയും ചോദ്യം ചെയ്തേക്കും


യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ ചോദ്യം ചെയ്ത അന്വേഷണസംഘം താരത്തിന്റെ മാതാവിനെയു ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നല്‍കിയിട്ടുണ്ടെന്ന കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ചോദ്യം ചെയ്തത്.


ഇന്നലെ ഉച്ചയോടെ പരവൂര്‍ കവലയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണ് ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. സുനിലിനെ പരിചയം പത്രത്തില്‍ ചിത്രം കണ്ടപ്പോള്‍ മാത്രമാണെന്നും തന്റെ സ്ഥാപനത്തില്‍ ഇയാള്‍ വന്നതായി അറിയില്ലെന്നും പറഞ്ഞു. സുനില്‍ കാവ്യയുടെ സ്ഥാപനത്തില്‍ വന്നു പോകുന്നതിന്റെ ദൃശ്യം കയ്യിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. നടി ആക്രമിക്കപ്പെടാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച്‌ കാവ്യയില്‍നിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ദിലീപും മുന്‍ഭാര്യ മഞ്ജുവും തമ്മിലുള്ള കുടുംബബന്ധം തകരാനുള്ള കാര്യങ്ങളും കാവ്യയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു.


താനും ദിലീപും തമ്മിലുള്ള ബന്ധം നടിക്ക് അറിയാമായിരുന്നെന്ന മറുപടിയാണ് താരം അന്വേഷണസംഘത്തിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ച്‌ ആറു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍ വൈകിട്ട് അഞ്ചു വരെ നീണ്ടു. പോലീസിന്റെ ചോദ്യം ചെയ്യലിനോടു സഹകരിക്കാമെന്നും എന്നാല്‍, ആലുവയിലെ പോലീസ് ക്ളബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു. ചോദ്യംചെയ്യലിനു കാവ്യ പറയുന്നിടത്ത് എത്താമെന്നു പോലീസും അറിയിച്ചിരുന്നു. ചോദ്യംചെയ്യലിനോടു കാവ്യ പൂര്‍ണമായും സഹകരിച്ചെന്നാണ് അന്വേഷണസംഘത്തില്‍നിന്നു ലഭിക്കുന്ന വിവരം.

കാവ്യയില്‍ നിന്നുമെടുത്ത മൊഴി പോലീസ് ക്ളബ്ബില്‍ അന്വേഷണസംഘം വിശദമായി പരിശോധന നടത്തി. ആവശ്യമാണെങ്കില്‍ നടിയുടെ മൊഴി വീണ്ടും എടുക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. അതിനിടയില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം. 2011 ല്‍ നടത്തിയ തട്ടിക്കൊണ്ടു പോകലിലെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്.



Sharing is Caring