വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് എബിവിപി


വിദ്യാലയങ്ങളിലെ സൂംബ ഡാൻസ് വിഷയത്തില്‍ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് എബിവിപി.സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്.


മതസംഘടനകളുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച്‌ വിദ്യാഭ്യാസ മന്ത്രി തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ലഹരിക്കെതിരെയുള്ള ക്യാമ്ബയിൻ്റെ ഭാഗമായി നടന്ന യോഗത്തില്‍ മുഖ്യമന്ത്രി ഈ ആശയം ഉന്നയിച്ചപ്പോള്‍ വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ സംഘടനകളും അംഗീകരിച്ചിരുന്നതാണ്.


എന്നാല്‍, ഈ സർക്കാരിൻ്റെ കാലത്ത് പല വിഷയങ്ങളിലും ചില മതസംഘടനകള്‍ അഭിപ്രായം പറയുമ്ബോള്‍ വോട്ട് ബാങ്കിന് വേണ്ടി സർക്കാർ തീരുമാനങ്ങളില്‍ നിന്ന് ‘യു ടേണ്‍’ അടിക്കുന്നത് നാം കണ്ടിട്ടുണ്ടെന്നും ഈശ്വരപ്രസാദ് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തിനപ്പുറം വിദ്യാഭ്യാസമേഖലയില്‍ കാലാനുസൃതമായ പരിഷ്കാരങ്ങള്‍ നടത്തുവാൻ സർക്കാർ തയ്യാറാകണം. മതസംഘടനകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കരുത്.

സ്കൂളുകള്‍ മതപാഠശാലകളല്ലെന്ന് അത്തരക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാൻസ് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായും ഈശ്വരപ്രസാദ് കൂട്ടിച്ചേർത്തു.



Sharing is Caring