ബാഡ്മിന്റണ്‍ താരം തൻവി ശർമ്മ യുഎസ് ഓപ്പണ്‍ സൂപ്പർ 300 ടൂർണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു.ലോക റാങ്കിംഗില്‍ മുന്നിലുള്ള ഉക്രേനിയൻ താരം പോളിന ബുർഹോവയ്ക്കെതിരെ മികച്ച പ്രകടനവും ആക്രമണോത്സുകതയും കാഴ്ചവെച്ചാണ് തൻവി ഈ നേട്ടം കൈവരിച്ചത്.
പഞ്ചാബിലെ ഹോഷിയാർപൂരില്‍ നിന്നുള്ള 16 വയസ്സുകാരിയായ തൻവി, ഗുവാഹത്തി നാഷണല്‍ സെന്ററിലാണ് പരിശീലനം നേടുന്നത്. ശനിയാഴ്ച രാത്രി നടന്ന സെമിഫൈനലില്‍, ഏഴാം സീഡും ലോക 40-ാം നമ്ബർ താരവുമായ ബുർഹോവയെ വെറും 34 മിനിറ്റിനുള്ളില്‍ 21-14, 21-16 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളില്‍ തൻവി അട്ടിമറിച്ചു.

നിലവില്‍ ലോക റാങ്കിംഗില്‍ 66-ആം സ്ഥാനത്തുള്ള തൻവി, ഈ ടൂർണമെന്റില്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്. ഫൈനലിലേക്കുള്ള വഴിയില്‍ ലോക 23, 58, 50 റാങ്കുകളിലുള്ള താരങ്ങളെ ഇതിനകം പരാജയപ്പെടുത്തി. ഇത് അവളുടെ കരിയറിലെ ഏറ്റവും വലിയ മുന്നേറ്റമായി മാറി.
ഫൈനലില്‍ ലോക 21-ാം നമ്ബർ താരവും 34 വയസ്സുകാരിയുമായ ബെയ്വെൻ ഷാങ് ആണ് തൻവിയുടെ എതിരാളി.













