വിടവാങ്ങല്‍ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കേണ്ടത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ചര്‍ച്ചകളിലൂടെയുള്ള നിയമനിര്‍മ്മാണം കുറഞ്ഞു വരികയാണ്. നിയമ നിര്‍മ്മാണം ചര്‍ച്ചകളിലൂടെ ആകണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലാണ് രാഷ്ട്രപതിക്ക് യാത്രയയപ്പ് നല്‍കിയത്.
ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അധ്യക്ഷത വഹിച്ച യാത്രയയപ്പ് സമ്മേളനം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വൈകുന്നേരം അഞ്ചരയ്ക്കാണ് ആരംഭിച്ചത്. ജിഎസ്ടി നടപ്പിലാക്കിയത് ഫെഡറലിസത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റ് സംവിധാനത്തെ പ്രശംസിച്ച രാഷ്ട്രപതി, നിയമനിര്‍മ്മാണത്തിനുള്ള സമയം നഷ്ടപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍, ലോക്സഭ ഡെപ്യുട്ടി സ്പീക്കര്‍ എം തമ്ബിദുരൈ, കേന്ദ്രമന്ത്രിമാര്‍, ലോക്സഭാ-രാജ്യസഭാ എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇരു സഭകളിലെയും എംപിമാര്‍ ഒപ്പിട്ട കോഫീ ടേബിള്‍ ബുക്കും സ്മരണികയും രാഷ്ട്രപതിക്ക് സമ്മാനിച്ചു.
തിങ്കളാഴ്ച പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കും. പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.













