വാഷിങ്ടണിലെ പലസ്തീന്‍ ഓഫീസ് പൂട്ടാന്‍ യുഎസ് നീക്കം


വാഷിങ്ടണില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈെസേഷന്‍ (പിഎല്‍ഒ) ഓഫീസ് അടച്ചുപൂട്ടാന്‍ നീക്കം. ഓഫീസിന്റെ ലൈസന്‍സ് കാലാവധി അവസാനിക്കാനിരിക്കെ പുതുക്കി നല്‍കാതിരിക്കാനാണ് ശ്രമം. ആറുമാസം കൂടുമ്പോള്‍ പുതുക്കുന്ന ലൈസന്‍സിന്റെ കാലാവധി ഈമാസം അവസാനിക്കും. വീണ്ടും പുതുക്കാന്‍ സമീപിച്ചെങ്കിലും അമേരിക്കയുടെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനമല്ല ഉണ്ടായതെന്ന് പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. നയതന്ത്രകാര്യാലയമായി പ്രവര്‍ത്തിക്കുന്ന പിഎല്‍ഒയുടെ ഓഫീസിന്റെ ലൈസന്‍സ് പുതുക്കിനല്‍കാന്‍ അമേരിക്ക വിസമ്മതിച്ചുവെന്ന് പിഎല്‍ഒ അറിയിച്ചതായി മുതിര്‍ന്ന പലസ്തീന്‍ മധ്യസ്ഥന്‍ സയേബ് എര്‍കാത് പറഞ്ഞു.


അന്താരാഷ്ട്ര നീതിന്യായകോടതിയില്‍ ഇസ്രയേല്‍ യുദ്ധക്കുറ്റങ്ങളും കുടിയേറ്റവും അടക്കമുള്ള കേസുകളുമായി മുന്നോട്ടുപോകാനുള്ള പലസ്തീന്റെ തീരുമാനത്തിനുള്ള അമേരിക്കയുടെ പ്രതികരണമാണിതെന്നും എര്‍കാത് പറഞ്ഞു. അമേരിക്കയുടെ തീരുമാനം ദൌര്‍ഭാഗ്യവും അസ്വീകാര്യവുമാണ്. ഇസ്രയേലിലെ നെതന്യാഹു സര്‍ക്കാരിന്റെ സമ്മര്‍ദമാണ് ഇതിനുപിന്നില്‍. ഇത്തരം നടപടി സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും എര്‍കാത്പറഞ്ഞു. പിഎല്‍ഒ ഓഫീസ് അടച്ചുപൂട്ടിയാല്‍ അമേരിക്കയുമായുള്ള എല്ലാവിധ ബന്ധവും അവസാനിപ്പിക്കുമെന്ന് അറിയിച്ച് ഔദ്യോഗികമായി കത്തെഴുതിയതായി മുതിര്‍ന്ന പിഎല്‍ഒ ഉദ്യോഗസ്ഥന്‍ അറിയിച്ചു.




Sharing is Caring