വള്ളം മറിഞ്ഞ് കാണാതായ ചാനല്‍സംഘത്തിലെ ഒരാളുടെ മൃതദേഹം കിട്ടി


വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിങിനായി പോയി വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്രാദേശിക ലേഖകന്‍ സജി(38)യുടെ മൃതദേഹമാണ് കണ്ടെടുത്തത്.


ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെ ചാനല്‍ സംഘം സഞ്ചരിച്ച തോണി മറിയുകയായിരുന്നു.


കാണാതായ മാതൃഭൂമി തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ബിപിനായുള്ള തെരച്ചില്‍ തുടരുകയാണ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സ്‌കൂബാ ഡൈവേഴ്‌സ്, നേവി എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.

സംഘത്തിലുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് കോട്ടയം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ കെ. ബി ശ്രീധരനെയും തിരുവല്ല ബ്യൂറോയിലെ കാമറാമാന്‍ അഭിലാഷിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.



Sharing is Caring