ബിജെപി ഭരണത്തില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല: സുധ സുന്ദർരാമൻ

ബിജെപി ഭരണത്തിൽ ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുധ സുന്ദർരാമൻ. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണം അയ്യമ്പിള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഓരോ 15 മിനിറ്റിലും ഇന്ത്യയിൽ ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്നാണ് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക‌്. ബിജെപി ഭരണത്തിൽ പെൺകുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമം 11.2 ശതമാനം വർധിച്ചു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ യുപിയിൽ ഇത് 58 ശതമാനമായി ഉയർന്നു. ലോകത്തിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാത്ത ഒന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ഉന്നാവോ, കഠ‌്വ എന്നിവിടങ്ങളിൽ പെൺകുട്ടികൾക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങൾ ഇത് വ്യക്തമാക്കുന്നതാണ്. പ്രധാനമന്ത്രി ഇതിനെക്കുറിച്ചൊന്നും പറയുന്നില്ല. വാചകമടിയിലൂടെ മോഡി ഇതെല്ലാം മറച്ചുപിടിക്കുകയാണ്.

മനുവിന്റെ കാലഘട്ടത്തെ തിരിച്ചുകൊണ്ടുവരാനാണ‌് ബിജെപി ശ്രമിക്കുന്നത്. പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രങ്ങളാണ്
ലൈംഗികാതിക്രമങ്ങൾക്ക് കാരണമാകുന്നതെന്ന അബദ്ധധാരണകളാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. ലിംഗവിവേചനവും
സദാചാര പൊലീസിങ്ങും ഇന്ത്യയിൽ വർധിക്കുകയാണ്. ഇടതുപക്ഷ ഭരണത്തിൽ കേരളം വ്യത്യസ്തമാണ്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത് ധീരമായ കാൽവയ്പാണ‌്.

വർഗീയത ഇന്ത്യയിൽ വിഷമായി വ്യാപിക്കുകയാണ്. ഹിന്ദു‐മുസ്ലിം വർഗീയതയെ ശക്തമായി എതിർക്കുന്നത് ഇടതുപക്ഷമാണ്. ജനങ്ങൾക്കിടയിൽ വർഗീയത വളർത്താൻ ബിജെപി മതത്തെ ദുരുപയോഗിക്കുകയാണ‌്. എസ‌്ഡിപിഐ‐ക്യാമ്പസ‌് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ മാതാപിതാക്കളുടെ കണ്ണുനീർ നമ്മുടെ ഹൃദയത്തിലേക്കാണ‌് ഇറ്റിറങ്ങുന്നതെന്ന‌് അവർ പറഞ്ഞു.

സാമ്രാജ്യത്വത്തിനെതിരെ ആയുധമെടുത്ത‌് പോരാടിയ ധീരവനിതയായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും അതെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാനാണ് ക്യാപ്റ്റൻ ലക്ഷ്മി നമ്മെ പഠിപ്പിച്ചതെന്നും അവർ പറഞ്ഞു.

മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ടി വി അനിത അധ്യക്ഷയായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈൻ ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് ഷൈല, സംസ്ഥാന എക‌്സിക്യൂട്ടീവ‌് അംഗം ഹെന്നി ബേബി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ തുളസി, കെ ആർ പത്മം, സോണി കോമത്ത്, ജില്ലാ സെക്രട്ടറി പുഷ്പ ദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഭാസുരാദേവി, വൈപ്പിൻ ഏരിയ സെക്രട്ടറി എം വി ഷൈനി, സിപിഐ എം വൈപ്പിൻ ഏരിയ സെക്രട്ടറി സി കെ മോഹനൻ, ലോക്കൽ സെക്രട്ടറി കാർത്തികേയൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ കലാവിഭാഗം ‘നിലവിളികൾ അവസാനിപ്പിക്കുന്നില്ല’ എന്ന നാടകം അവതരിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *