ദില്ലി: വളര്‍ത്തുനായയെ കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ച് ഉടമ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. വടക്കുകിഴക്കന്‍ ദില്ലിയിലെ വെല്‍ക്കം കോളനിയിലാണ് സംഭവം. മൂപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ചയായിരുന്നു സംഭവം. വെല്‍ക്കം കോളനി വഴി പോകുകയായിരുന്ന അഫഖിനെ കണ്ടതും നായ കുരക്കാന്‍ തുടങ്ങി. ശേഷം നായ തന്നെ ആക്രമിക്കാന്‍ തുടങ്ങിയതോടെ അഫഖ് കല്ലെറിഞ്ഞു. എന്നാല്‍ സംഭവം കണ്ടുകൊണ്ട് നിന്ന നായയുടെ ഉടമ രോക്ഷം പൂണ്ട് വീടിന് പുറത്തേക്ക് തോക്കുമായി വരികയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ അതുല്‍ താക്കൂര്‍ പറഞ്ഞു.

വെടിയുതിര്‍ക്കുന്നതിന് മുന്നേടിയായി ഇരുവരും തമ്മില്‍ വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കൃത്യം നടത്തിയ ശേഷം ഉടമ ഒളിവില്‍ പോയതായും അതുല്‍ താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. വെടിയേറ്റ അഫഖിനെ നാട്ടുകാര്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തുച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഒളിവില്‍ പോയ ഉടമക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.












