വയര്‍ലെസ് സെറ്റ്: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ എഫ്‌ഐആര്‍


ലൈസന്‍സില്ലാതെ വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.


ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ സതീഷിന്റെ ഓഫീസില്‍ ഡിസിപി ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ റെയ്ഡു നടത്തി. സുപ്രീം കോടതി നിയോഗിച്ച ജില്ലാ ജഡ്ജി അധ്യക്ഷയായ ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. സുരക്ഷാചുമതലയുള്ള ജീവനക്കാര്‍ക്ക് നല്‍കാനായാണ് ആഭ്യന്തരവകുപ്പിന്റെയോ ക്ഷേത്ര ഭരണസമിതിയുടെയോ അനുവാദമില്ലാതെ എക്സിക്യൂട്ടീവ് ഓഫീസര്‍ 16 വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയത്. എക്സിക്യൂട്ടീവ് ഓഫീസറുടെ നടപടിക്കെതിരെ ഭരണസമിതി ഫോര്‍ട്ട് പോലീസിന് പരാതി നല്‍കി.


പരാതിയുടെ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം റെയ്ഡ് ചെയ്യാനെത്തിയ പോലീസിനെ ജീവനക്കാര്‍ തടഞ്ഞു.

പൂട്ടിയിട്ടിരുന്ന മുറി തുറന്ന് പരിശോധിക്കാനും അനധികൃത വയര്‍ലെസ് സെറ്റുകള്‍ കണ്ടെടുക്കാനും പോലീസിന് കഴിഞ്ഞില്ല. മുറി തുറക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ക്ഷേത്രം മാനേജര്‍ വേണു എന്ന ഉദ്യോഗസ്ഥന്‍ മുറി താഴിട്ടു പൂട്ടി താക്കോലുകളുമായി സ്ഥലം വിട്ടിരുന്നു. പോലീസ് എക്സിക്യൂട്ടീവ് ഓഫീസറുടെ വസതിയിലെത്തി മുറി തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

വയര്‍ലെസ് സെറ്റ് വാങ്ങാന്‍ ദല്‍ഹിയിലെ വയര്‍ലെസ് മോണിറ്ററിംഗ് ഓര്‍ഗനൈസേഷനാണ് ലൈസന്‍സ് നല്‍കേണ്ടത്. എന്നാല്‍ ഈ ലൈസന്‍സ് ഇല്ലാതെ കൊച്ചി ആസ്ഥാനമായ പ്രോംപ്ടണ്‍ വയര്‍ലെസ് ആന്റ് വയേര്‍ഡ് എന്ന കമ്പനിയില്‍ നിന്നാണ് സതീഷ് വയര്‍ലെസ് വാങ്ങിയത്. പൂട്ടിയിട്ട മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന വയര്‍ലെസ് സെറ്റുകള്‍ പിടിച്ചെടുക്കണമെങ്കില്‍ തിരുവനന്തപുരത്തെ വയര്‍ലെസ് മോണിറ്ററിംഗ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യം നിര്‍ബന്ധമാണ്. ഇദ്ദേഹത്തിന്റെ ദല്‍ഹിയിലെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ പോലീസുമായി സഹകരിക്കാന്‍ കഴിയൂ. അതിനാലാണ് പോലീസ് രാവിലെ മുതല്‍ മുറിയുടെ പൂട്ടു പൊളിക്കാതെ കാത്തുനില്‍ക്കുന്നത്. റെയ്ഡിന്റെ ദൃശ്യങ്ങള്‍ പോലീസ് വീഡിയോ ക്യാമറിയില്‍ പകര്‍ത്തുന്നുണ്ട്. പ്രദേശത്തെ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളെയും സാക്ഷികളാക്കിയാണ് പോലീസ് നടപടി പുരോഗമിക്കുന്നത്.



Sharing is Caring