വയനാട് ദുരന്തം; ജോണ്‍ മത്തായി ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും


മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ദുരന്തമേഖലയിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍.


ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് ദുരന്തമേഖല പരിശോധിച്ചത്. പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യതയെന്ന് സംഘം പറഞ്ഞിരുന്നു. ചൂരല്‍മല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണെന്നാണ് സമിതിയുടെ നിഗമനം. ഇവിടെ ഇനി നിര്‍മ്മാണ പ്രവര്‍ത്തനം വേണോ എന്നത് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നാണ് ജോണ്‍ മത്തായിയുടെ നിലപാട്.


സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ മേഖലകളെ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജോണ്‍ മത്തായി പറഞ്ഞു. പുഞ്ചിരിമട്ടത്ത് നദിയോട് ചേര്‍ന്ന് വീടുകള്‍ ഇരിക്കുന്ന ഭാഗം ആപല്‍ക്കരമായ സാഹചര്യമാണ്. അവിടെ താമസിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജോണ്‍ മത്തായി പറഞ്ഞു. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെയാണ് സംഘം പരിശോധന നടത്തിയത്. അതേസമയം, ഉരുള്‍ പൊട്ടല്‍ മേഖലയില്‍ തെരച്ചില്‍ അവസാനിപ്പിക്കുകയാണ്.

119 പേരെയാണ് നിലവില്‍ കണ്ടെത്താനുള്ളത്. വയനാട്ടില്‍ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്പുകളില്‍ 97 കുടുംബങ്ങള്‍ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ചൂരല്‍ മലയിലെ വ്യാപാരസ്ഥാപനങ്ങള്‍ വൃത്തിയാക്കുന്നതാണ് ഇപ്പോള്‍ സജീവമായി നടക്കുന്നത്. അവര്‍ക്കുള്ള ഭക്ഷണം അടക്കം ഒരുക്കുന്നത് വ്യാപാരികളാണ്.



Sharing is Caring