നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക ഇന്ന് പുറത്തിറക്കും


നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക വ്യാഴാഴ്ച പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെ 10.30-ന് നടത്തുന്ന ചടങ്ങില്‍ വിജയ് പതാകയുയർത്തും.മഞ്ഞ നിറത്തിലുള്ളതായിരിക്കും പതാകയെന്നാണ് സൂചന.


മറ്റ് പ്രചാരണ സാമഗ്രികളും മഞ്ഞനിറത്തില്‍ തന്നെയാകും.ചടങ്ങില്‍ മൂന്നൂറോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരളമുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്കും ക്ഷണമുണ്ട്.


2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയുടെ രാഷ്ട്രീയ യാത്രയിലെ ആദ്യ ചുവടുവയ്പായാണ് പതാക അനാച്ഛാദനം വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമ നിർത്തുകയാണെന്നും 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും പ്രസ്താവനയിലൂടെ വിജയ് അറിയിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിയുടെ ബാനറില്‍ മത്സരിക്കാൻ താരത്തിന് പദ്ധതിയുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പാർട്ടി പ്രഖ്യാപനം മുതല്‍ വിജയ് സാമൂഹിക പ്രവർത്തനങ്ങളില്‍ സജീവമാണ്. യുവ വോട്ടർമാർക്കും അവരുടെ കുടുംബങ്ങള്‍ക്കുമിടയില്‍ ടിവികെയുടെ പിന്തുണാ അടിത്തറ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, മികച്ച പ്രകടനം കാഴ്ചവെച്ച 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് അദ്ദേഹം അവാർഡ് നല്‍കിയിരുന്നു. അതേസമയം, വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) സെപ്തംബർ 5ന് റിലീസിന് ഒരുങ്ങുകയാണ്.



Sharing is Caring