വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. 2,000 കോടിയോളം രൂപയുടെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിവേദനം സമര്‍പ്പിച്ചേക്കും.
വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദര്‍ശിച്ച പ്രധാനമന്ത്രി കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് എല്ലാ സഹായവും ഉറപ്പു നല്‍കിയിരുന്നു. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം കേരളം വിശദമായ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ജൂലൈ 30 നുണ്ടായ ഉരുള്‍പൊട്ടലില്‍ നാലു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ വാസയോഗ്യമല്ലാത്ത വിധമായിത്തീര്‍ന്നു. 416 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 120 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്.

ദുരന്ത ബാധിതരെ ക്യാമ്പുകളില്‍ നിന്ന് താല്‍ക്കാലികമായി വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ചിട്ട് 15 ദിവസം പിന്നിട്ടിട്ടും കേന്ദ്രം സഹായം പ്രഖ്യാപിച്ചിട്ടില്ല. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ടു കാണുന്നത്.













