ഇന്റേണല്‍ മാര്‍ക്കിലും ഹാജര്‍ നല്‍കുന്നതിലും ഉള്‍പെടെ ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ നടന്നതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്. ലോ അക്കാദമിക്കെതിരായ നടപടികള്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുമെന്നും ഉപസമിതി അറിയിച്ചു.
ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരുടെ സമീപനം ശരിയായിരുന്നില്ലെന്നും ഉപസമിതി കണ്ടെത്തിയിട്ടുണ്ട് . ഹാജറിലും ഇന്റേണല്‍ മാര്‍ക്കിലും പ്രിന്‍സിപ്പളിന്റെ ഇടപെടലുകള്‍ ശരിയായിരുന്നില്ലെന്ന് ഉപസമിതി ചൂണ്ടികാണിക്കുന്നു.വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികള്‍ ഏറെയും സത്യസന്ധമാണെന്നാണ് സര്‍വ്വകലാശാല ഉപസമിതിയുടെ കണ്ടെത്തല്‍. കോളേജിനെതിരായി നടപടിയെടുക്കേണ്ടത് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതിയാണ്.പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം 17ാം ദിവസം പിന്നിടുകയാണ്. ഇന്റേണല്‍ മാര്‍ക്കില്‍ അധ്യാപകരുടെ കൈകടത്തലുകളെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് സിസ്റ്റം അടിമുടി പരിശോധിക്കാന്‍ കേരള സര്‍വ്വകലാശാല തീരുമാനിച്ചിട്ടുണ്ട്.














