ലാവ്‍ലിന്‍ കേസ് ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും


ന്യൂഡല്‍ഹി: ലാവ്‍ലിന്‍ കേസിലെ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ‌ ബഞ്ചാണ്​ ഹരജികള്‍ പരിഗണിക്കുന്നത്​. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്‍റ്​ സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെയാണ്​ സി.ബി.ഐ സുപ്രീംകോടതിയെ സമീച്ചത്​.


പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും വിചാരണ ചെയ്യണമെന്നാണ്​ സി.ബി.ഐ ആവശ്യപ്പെടുന്നത്​​. തങ്ങളെ കുറ്റവിമുക്‌തരാക്കണമെന്ന ആര്‍.ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നീ കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ഹരജികളും കോടതി പരിഗണിക്കുന്നുണ്ട്​. ഇവര്‍ വിചാരണ നേരിടണമെന്ന്​ ഹൈകോടതി വിധിച്ചിരുന്നു.


പിണറായി വിജയന്‍ അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും ഇതിന്​ കൃത്യമായ തെളിവുണ്ടെന്നും സി.ബി.ഐ ആരോപിക്കുന്നു​. കുറ്റപത്രത്തില്‍ നിന്ന് പിണറായി ഉള്‍പ്പടെയുള്ള പ്രതികളെ ഹൈകോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും വിധി റദ്ദാക്കണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു.

കശ്മീര്‍ ഹരജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ എന്‍.വി രമണ ഉള്‍പ്പെട്ടതിനാല്‍ അവ പരിഗണിച്ച ശേഷമായിരിക്കും രമണയുടെ മൂന്നംഗ ബെഞ്ച് ലാവ്​ലിന്‍ ഹരജികള്‍ പരിഗണിക്കുക.



Sharing is Caring