നീതിആയോഗ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാമത്


ന്യൂഡല്‍ഹി:നീതിആയോഗ് പുറത്തുവിട്ട സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക -2019ല്‍ കേരളം ഒന്നാമത്. പഠനഫലത്തെ സഹായിക്കുന്ന വിധത്തില്‍ ഭരണനടപടിക്രമങ്ങളിലെ മികവിലും സംസ്ഥാനമാണ് ഒന്നാമത്. 2016-17 അധ്യയനവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാനവശേഷി മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെയാണ് സൂചിക തയ്യാറാക്കിയത്. സൂചിക തയ്യാറാക്കുന്നതിനോടു പശ്ചിമബംഗാള്‍ സഹകരിച്ചിരുന്നില്ല.


സമഗ്രവിഭാഗത്തില്‍ വലിയ സംസ്ഥാനങ്ങളില്‍ 76.6 ശതമാനം സ്കോര്‍ നേടിയാണ് കേരളം ഒന്നാമതെത്തിയത്. രാജസ്ഥാന്‍, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. 36.4 ശതമാനം സ്കോറുമായി ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്. ചെറിയ സംസ്ഥാനങ്ങളില്‍ 68.8 ശതമാനം സ്കോറുമായി മണിപ്പുരും കേന്ദ്രഭരണപ്രദേശങ്ങളില്‍ 82.9 ശതമാനവുമായി ചണ്ഡീഗഢും ഒന്നാമതെത്തി.


ഭരണനടപടിക്രമങ്ങളിലെ മികവില്‍ 79 ശതമാനം സ്കോര്‍ നേടിയാണ് കേരളം ഒന്നാമതെത്തിയത്. ആറ് സ്ഥാനങ്ങള്‍ മുന്നേറി ഏഴാമതെത്തിയ ഒഡിഷയാണ് ഇത്തവണ വലിയ നേട്ടമുണ്ടാക്കിയ മറ്റൊരു സംസ്ഥാനം.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന രീതികളുടെ നല്ലതും മോശവുമായ വശങ്ങള്‍ തിരിച്ചറിയാനും അതുവഴി പുതിയ നിര്‍ദേശങ്ങള്‍ നല്‍കാനുമായാണ് നിതി ആയോഗ് SEQI തയ്യാറാക്കുന്നത്. പട്ടിക തയ്യാറാക്കുന്നതിന്റെ എളുപ്പത്തിനായി വലിയ സംസ്ഥാനങ്ങള്‍ (20), ചെറിയ സംസ്ഥാനങ്ങള്‍ (8), കേന്ദ്രഭരണ പ്രദേശങ്ങള്‍ (7) എന്നിങ്ങനെ തിരിച്ചിരുന്നു.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ത്രിപുരയും കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡിഗഢും ഒന്നാംസ്ഥാനം നിലനിര്‍ത്തി. ബിഹാര്‍ (37), ജാര്‍ഖണ്ഡ്‌(30.65), അരുണാചല്‍ പ്രദേശ് (28.42) എന്നിവയാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങള്‍.



Sharing is Caring