ശനിയാഴ്ച ലണ്ടനില്‍ ഭീകരാക്രമണം നടത്തിയ മൂന്ന് അക്രമികളില്‍ രണ്ടുപേരുടെ പേരുവിവരം പോലീസ് പുറത്തുവിട്ടു. ഖുറാം ഷസാദ് ബട്ട് (27), റാച്ചിഡ് റെദൗവാനെ (30) എന്നിവരാണിവര്‍. പാകിസ്താനില്‍ ജനിച്ച ബ്രിട്ടീഷ് പൗരനാണ് ബട്ട്. മോറോക്കനെന്നും ലിബിയന്‍ എന്നും അവകാശപ്പെടുന്നയാളാണ് റെദൗവാനെയെന്ന് പോലീസ് പറഞ്ഞു. റാച്ചിഡ് എല്‍ഖ്ദാര്‍ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. 25 വയസ്സെന്നാണ് കാണിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റു. അക്രമികളിലൊരാളുടെ താമസസ്ഥലമെന്നുകരുതുന്ന ഫ്ലാറ്റില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ 12 പേരെ ഞായറാഴ്ച അറസ്റ്റ്ചെയ്തിരുന്നു. ഇവരില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ലണ്ടന്‍ ബ്രിഡ്ജ് റെയിലും ട്യൂബ് സ്റ്റേഷനും സമീപമുള്ള റോഡുകളും തിങ്കളാഴ്ച രാവിലെ തുറന്നു.
ഭീകരതയ്ക്കെതിരെ ഓസ്ട്രേലിയയുമായി ചേര്‍ന്നുനടത്തുന്ന പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. ഓസ്ട്രേലിയ-അമേരിക്ക മിനിസ്റ്റീരിയല്‍ കണ്‍സള്‍ട്ടേഷന്റെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ യു.എസ്. വിദേശകാര്യസെക്രട്ടറി റെക്സ് ടിലേഴ്സണ്‍, ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ്, പ്രതിരോധമന്ത്രി മാരിസ് പേയ്ന്‍ എന്നിവര്‍ പങ്കെടുത്തു.













