റോഹിംഗ്യകളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക ഫണ്ടുമായി ബംഗ്ലാദേശ്


ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക ഫണ്ടുമായി ബംഗ്ലാദേശ്. അഭയാര്‍ഥികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിനായാണ് ഫണ്ട് ഉപയോഗിക്കുക. 400 കോടി ടാക്ക( ഏകദേശം 318 കോടി രൂപ) യാണ് ഇതിനായി അനുവദിക്കുക 2018-19 സാമ്പത്തിക വര്‍ഷ ബജറ്റില്‍ ഇതിനുള്ള തുക വകയിരുത്തുമെന്ന് ബംഗ്ലാദേശ് ധനകാര്യ മന്ത്രി അബുല്‍ മാല്‍ അബ്ദുല്‍ മുഹിത് പറഞ്ഞു.


വ്യാഴാഴ്ചയാണ് ബംഗ്ലാദേശില്‍ ബജറ്റവതരണം നടക്കുക. നിലവില്‍ 10 ലക്ഷത്തോളം റോഹിംഗ്യകളുടെ താല്‍ക്കാലിക പുനരധിവാസത്തിനായി 2,312 കോടി ടാക്ക (1838 കോടി രൂപ) ദേശീയ സാമ്പത്തിക സമിതി നീക്കിവെച്ചിട്ടുണ്ട്. ആശ്രയാന്‍ മുന്ന് എന്നാണ് പുനരധിവാസ പദ്ധതിയുടെ പേര്. ആദ്യഘട്ടത്തില്‍ 1000,000 രോഹിഗ്യകളെയാകും പുനരധിവസിപ്പിക്കുക. ഭസഞ്ചാറിലാണ് ഇവര്‍ക്കായി വാസസ്ഥലങ്ങള്‍ ഒരുക്കുക.


ബംഗ്ലാദേശിലേക്ക് അനധികൃതമായി കുടിയേറിയ മ്യാന്‍മറിലെ മുസ്ലിം ന്യൂനപക്ഷക്കാരായാണ് റോഹിംഗ്യകളെ കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ നടന്ന സൈനിക പ്രക്ഷോഭത്തില്‍ നിന്ന് 700,000 പേരാണ് രാജ്യത്ത് നിന്ന് രക്ഷപ്പെട്ടത്. നിലവില്‍ ബംഗ്ലാദേശ് അഭയാര്‍ഥി ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്.



Sharing is Caring