വാഹനങ്ങള്‍ ചീറിപ്പായുന്നതിനിടെ റോഡ് ഇടിഞ്ഞ് കുഴിയായി. ഒരു ബസും കാറും കുഴിയില്‍ കുടുങ്ങി. വന്‍ദുരന്തം ഒഴിവായി. ചെന്നൈ നഗരത്തിന്റെ ഹൃദയ ഭാഗത്ത് അണ്ണാശാലയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മെട്രൊ റെയിലിനായി തുരങ്കം നിര്‍മിക്കുന്ന ഭാഗത്ത് അപകടം.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും ഒരു കാറുമാണ് കുഴിയില്‍ വീണത്. ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ക്ക് നിസാര പരിക്ക്. സ്റ്റോപ്പില്‍ നിര്‍ത്തി ബസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് റോഡ് ഇടിഞ്ഞത്.ബസിനു വേഗത കുറവായിരുന്നതും റോഡ് സാവധാനത്തില്‍ ഇടിഞ്ഞതും വന്‍ ദുരന്തം ഒഴിവാക്കി. ഉടന്‍ തന്നെ വാഹനങ്ങളിലെ യാത്രക്കാരെ പുറത്തിറക്കി. ടയറിലെ കാറ്റ് പോകുന്നതു പോലെയാണ് അനുഭവപ്പെട്ടതെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു.

ആദ്യം കാറും വൈകിട്ട് നാലരയോടെ ബസും പുറത്തെടുത്തു. പ്രദേശം പോലീസ് നിയന്ത്രണത്തില്‍. ഗതാഗതവും വഴിതിരിച്ചുവിട്ടു. ഈ മേഖലയിലെ മെട്രൊ റെയില്‍ നിര്‍മാണം തത്കാലം നിര്‍ത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
തുരങ്ക നിര്‍മാണത്തിന്റെ ഭാഗമായി ഇവിടെ ഇതിനു മുന്‍പം പ്രശ്നങ്ങളുണ്ടായി. ആഴ്ചകള്‍ക്കു മുന്‍പ് ചെളിയും പതയും റോഡിലൊഴുകിയതും പ്രതിസന്ധി സൃഷ്ടിച്ചു.













