നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മ നടത്തി വന്ന സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉറപ്പില്‍. ഫോണ്‍ മുഖേനയാണ് മുഖ്യമന്ത്രി മഹിജയുമായി സംസാരിച്ചത്.
ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും പോലീസ് ആസ്ഥാനത്ത് നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ നടപടികള്‍ എടുക്കുമെന്നുമാണ് മുഖ്യമന്ത്രി മഹിജയ്ക്ക് ഉറപ്പു നല്‍കിയിരിക്കുന്നത്.

ജിഷ്ണു കേസിന്റെ തുടക്കം മുതല്‍ മഹിജയെ കാണാനോ സംസാരിക്കാനോ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. തന്നെ കാണാന്‍ മുഖ്യമന്ത്രിയെത്തിയില്ല എന്ന് മഹിജ ഒരിക്കല്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുറുപടി.
തുടര്‍ന്ന് മൂന്ന് തവണ കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി നിരവധി പേരുമായി കൂടിക്കാഴ്ച നടത്താന്‍ സമയം കണ്ടെത്തിയെങ്കിലും ജിഷ്ണുവിന്റെ വളയത്തെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല.
കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് നേരെ പോലീസ് അതിക്രമമുണ്ടായി മഹിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവരെ കാണുമോ എന്ന ചോദ്യത്തിന് താന്‍ കാണില്ല, എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഫോണില്‍ പോലും കുടുംബവുമായി ബന്ധപ്പെടാന്‍ തയ്യാറാകാതിരുന്ന പിണറായിക്കെതിരെ പാര്‍ട്ടിയില്‍ നിന്നു പോലും വിമര്‍ശനങ്ങളുണ്ടായിരുന്നു.
സംഭവത്തില്‍ സാമൂഹിക പ്രവര്‍ത്തകനും നടനുമായ ജോയ് മാത്യു അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ചില കാര്യങ്ങളില്‍ മുഖ്യമന്ത്രി അഹങ്കാരം മാറ്റിവയ്ക്കണമെന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രസ്താവന. വി.എസ് അച്യുതാനന്ദനടക്കം ഭരണ പ്രതിപക്ഷ ഭേദമന്യെ നിരവധി നേതാക്കള്‍ നേരത്തെ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.













