യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ റയല്‍ മാഡ്രിഡ്, ടോട്ടനം ഹോട്സ്പര്‍, ബെസിക്റ്റാസ്, മാഞ്ചസ്റ്റര്‍ സിറ്റി, ഷക്തര്‍, ടീമുകള്‍ക്ക് വിജയത്തുടക്കം. അതേസമയം ലിവര്‍പൂള്‍-സെവിയ കളിയും മാരിബോര്‍-സ്പാര്‍ട്ടക്ക് പോരാട്ടവും ലീപ്സിഗ്-മൊണാക്കോ മത്സരവും സമനിലയില്‍ കലാശിച്ചു.
ക്രിസ്റ്റിയാനോ മിന്നി

ഗ്രൂപ്പ് എച്ചില് മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് സൈപ്രസ് ക്ലബ് അപോയല്‍ നിക്കോസിയ എഫ്സിയെ തകര്‍ത്തു. സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ട് കളികളില്‍ ജയിക്കാന്‍ കഴിയാതെ സമനിലകൊണ്ട് തൃപ്തരായ റയല്‍ അപോയലിനെതിരെ മിന്നുന്ന പ്രകടനമാണ് നടത്തിയത്. സ്പാനിഷ് ലീഗില്‍ സസ്പെന്‍ഷനിലായതിനെ തുടര്‍ന്ന് കഴിഞ്ഞ കളികളില്‍ കളിക്കാന്‍ കഴിയാതിരുന്ന സൂപ്പര്‍താരം ക്രിസ്റ്റിയാനോ ഇന്നലെ റയല്‍ നിരയില്‍ എത്തി.
കളത്തിലെത്തിയ ക്രിസ്റ്റിയാനോ രണ്ട് ഗോളുകളുമായി തന്റെ വരവറിയിക്കുകയും ചെയ്തു. ഒരു ഗോള്‍ നായകന് സെര്‍ജി റാമോസിന്റെ വകയായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും റയലിന്റെ അടുത്തൊന്നും എത്താന്‍ അപോയല്‍ നിരക്ക് കഴിഞ്ഞില്ല. പലപ്പോഴും കളിയില്‍ കാഴ്ചക്കാരായി നില്‍ക്കാനായിരുന്നു അവരുടെ യോഗം. അവരുടെ ഗോള്‍കീപ്പറുടെ മിന്നുന്ന പ്രകടനമാണ് തോല്‍വി മൂന്ന് ഗോളില്‍ ഒതുക്കിനിര്‍ത്തിയത്.
കളിയുടെ ഒമ്പതാം മിനിറ്റില്‍ ഗരെത്ത് ബെയ്ല് ഒരു അവസരം പാഴാക്കിയതിന് പിന്നാലെ അപോയലിന്റെ റോബര്‍ട്ടോ ലാഗോയുടെ ഷോട്ട് റയല്‍ ഗോളി കയ്യിലൊതുക്കി. ഈ ഒരു അവസരത്തില്‍ മാത്രമാണ് അപോയല്‍ താരങ്ങള്‍ക്ക് റയല്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. 12-ാം മിനിറ്റില്‍ റയല്‍ ആരാധകരെ ആഹ്ലാദത്തിലാറാടിച്ച് ക്രിസ്റ്റിയാനോ ആദ്യ ഗോള്‍ നേടി. ഗരെത്ത് ബെയ്ല് നല്കിയ ക്രോസ് ക്ലോസ് റേഞ്ചില്‍ നിന്ന് വലംകാലന്‍ ഷോട്ടിലൂടെ ക്രിസ്റ്റിയനോ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് നിരവധി അവസരങ്ങള്‍ ആദ്യ പകുതിയില്‍ റയല്‍ താരനിര സൃഷ്ടിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഷോട്ട് ക്രോസ്ബാറില്‍ത്തട്ടി മടങ്ങി. 50-ാം മിനിറ്റില്‍ റയലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ബോക്സിനുള്ളില്‍ വച്ച് റോബര്‍ട്ടോ ലാഗോ പന്ത് കൈകൊണ്ട് തടുത്തതിനായിരുന്നു സ്പോട്ട് കിക്ക്. കിക്കെടുത്ത ക്രിസ്റ്റിയാനോക്ക് ലക്ഷ്യം തെറ്റിയില്ല (2-0). പിന്നീട് 61-ാം മിനിറ്റില്‍ മറ്റൊരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ സെര്‍ജിയോ റാമോസും വല കുലുക്കിയതോടെ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. അതിനുശേഷം നിരവധി ഗോള്‍ അവസരങ്ങള്‍ റയല്‍ താരനിര തുറന്നെടുത്തെങ്കിലും അപോയല്‍ ഗോളിയുടെ ഉജ്ജ്വല പ്രകടനത്തിന് മുന്നില്‍ അവയെല്ലാം വിഫലമായി.
വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജര്‍മ്മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് മൂന്ന് പോയിന്റ് സ്വന്തമാക്കി. ടോട്ടനത്തിനായി ഹാരി കെയ്ന്‍ രണ്ട് തവണ ലക്ഷ്യം കണ്ടു. ടോട്ടനത്തിന് വേണ്ടി നാലാം മിനിറ്റില്‍ കൊറിയന്‍ താരം സണ്‍ ഹ്യോന്‍ മിന് ആദ്യ ഗോള്‍ നേടി. എന്നാല്‍ ലീഡ് നേടിയതിന്റെ ആഹ്ലാദം 7 മിനിറ്റിനുള്ളില്‍ അവസാനിക്കുന്നതാണ് കണ്ടത്. 11-ാം മിനിറ്റില്‍ ആന്‍ഡ്രി യാര്മിലെന്കോയിലൂടെ ബൊറൂസിയ സമനില പിടിച്ചു. ഈ ആഹ്ലാദത്തിനും നാല് മിനിറ്റ് മാത്രമേ ആയുസ്സുണ്ടായുള്ളൂ. 15-ാം മിനിറ്റില്‍ ഹാരി കെയ്നിലൂടെ ടോട്ടനം വീണ്ടും ലീഡ് നേടി. പിന്നീട് 60-ാം മിനിറ്റിലും കെയ്ന്‍ ലക്ഷ്യം കണ്ടതോടെ വിജയം ഇംഗ്ലീഷ് ടീമിന് സ്വന്തമായി.













