രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ അക്കാദമി കൊച്ചിയില്‍

കാഴ്ചയില്ലാത്തതിന്റെ പേരില്‍ ഇനി ഇവരെ കാല്‍പ്പന്തുകളിയില്‍ നിന്ന് മാറ്റി നിര്‍ത്താനാവില്ല. അകക്കണ്ണിന്റെ കാഴ്ചയിലായിരിക്കും ഇനി അവരുടെ ഓരോ ഗോളും. കാഴ്ചയില്ലാത്തവരെ ഫുട്‌ബോള്‍ പഠിപ്പിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ അക്കാദമിക്ക് കൊച്ചിയില്‍ തുടക്കമാകുന്നു.

രാജ്യത്തെ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ അക്കാദമിയിലേക്കുള്ള ആദ്യ അംഗത്വം കേരളത്തില്‍ നിന്നുള്ള ദേശീയ താരം ഫല്‍ഹാന് നല്‍കി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിച്ചു. അക്കാദമിയിലെ താരങ്ങളായ പങ്കജ് റാണ (ഉത്തരാഖണ്ഡ്), സി.എസ്. ഫല്‍ഹാന്‍ (കേരളം), ഗബ്രിയേല്‍, കിലിംഗ് (മേഘാലയ), ധര്‍മറാം (രാജസ്ഥാന്‍) എന്നിവര്‍ക്കും മന്ത്രി അംഗത്വം കൈമാറി. തുടര്‍ന്ന് മന്ത്രി കളിക്കാരോടൊപ്പം പന്ത് തട്ടി.

ഒളിമ്പിക്‌സില്‍ കളിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് താരങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്‌പോര്‍ട്ടിങ് ഡയറക്ടറും ദേശീയപരിശീലകനുമായ സുനില്‍ ജെ. മാത്യു, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, എസ്ആര്‍വിസി പ്രോജക്ട് ഡയറക്ടര്‍ എം.സി. റോയി എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ പാരാലിമ്പിക്‌സ് കമ്മിറ്റിയില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന് കീഴിലാണ് ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ട്രെയിനിങ് അക്കാദമി തുടങ്ങുന്നത്. രാജ്യാന്തര നിലവാരത്തില്‍ കളിക്കളവും, പരിശീലനവും താമസവും ഉള്‍പ്പടെ സൗകര്യങ്ങള്‍ അക്കാദമി യില്‍ ഒരുക്കിയിട്ടുണ്ട്. പത്ത് താരങ്ങളാണ് നിലവില്‍ അക്കാദമിയില്‍ പ്രവേശനം നേടിയിട്ടുള്ളത്.

അക്കാദമിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പരിശീലന ക്യാംപിലേക്ക് 35 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്ലൈന്‍ഡ് ഫുട്‌ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കടവന്ത്ര വൈറ്റില ബണ്ട് റോഡിലുള്ള ജോഗോ ഫുട്‌ബോള്‍ അരീനയില്‍ നടക്കും. ലോക ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ചെയര്‍മാന്‍ ഉള്‍റിക്ക് ഫിസ്റ്റര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *