രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയില്‍ കടുത്ത നിയന്ത്രണം


രാഷ്ട്രീയ രംഗത്തെ സംശുദ്ധമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമായി സ്വീകരിക്കാവുന്ന സംഭാവനയുടെ പരിധി 2000 രൂപയാക്കി ചുരുക്കി. നേരത്തെ 20,000 രൂപ വരെയായിരുന്നു പരിധി. രണ്ടായിരത്തിന് മുകളിലുള്ള സംഭാവനകള്‍ ചെക്കുമുഖേനയോ ഡിജിറ്റലായോ നല്‍കാം. ഇതോടെ സംഭാവനകള്‍ സുതാര്യമാകും.


വന്‍തോതില്‍ കള്ളപ്പണമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇനിയിതെല്ലാം നിയമവിധേയമാക്കേണ്ടി വരും. അനധികൃതമായി ലഭിക്കുന്ന കള്ളപ്പണത്തിലൂടെയാണ് പല പ്രാദേശിക പാര്‍ട്ടികളും കേഡറുകളെ സൃഷ്ടിക്കുന്നത്. എണ്ണമറ്റ തങ്ങളുടെ അണികളുടെ സഹായത്തോടെയാണ് വസ്തുവകകളും ധനവുമെല്ലാം ലഭിച്ചതെന്നാണ് ബിഎസ്പി നേതാവ് മായാവതിയെപ്പോലുള്ളവര്‍ അവകാശപ്പെടാറ്. ഇനിമുതല്‍ സംഭാവന നല്‍കുന്നവരുടെ സാമ്പത്തിക അവസ്ഥ കൂടി പ്രഖ്യാപിക്കേണ്ടി വരും. പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും ബീഹാറിലെയുമെല്ലാം നേതാക്കള്‍ വന്‍തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ച ശേഷം മായാവതിയെപ്പോലെ അവകാശം ഉന്നയിക്കാറുണ്ട്.


രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടിവരും. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളിലെ നിരന്തരമായ നിരീക്ഷണത്തിലൂടെ രാഷ്ട്രീയ നേതാക്കള്‍ക്ക് കള്ളപ്പണം ലഭിക്കുന്നത് തടയുവാനാകും.

അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കും. ഉറവിടം വ്യക്തമാകാതെ സംഭാവനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത് വര്‍ദ്ധിച്ചുവരികയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.



Sharing is Caring