പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്ന് മുന്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി


പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്ന് യുവാവ് ജീവനൊടുക്കി. ആര്‍പ്പൂക്കര സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ നാലാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി, ഹരിപ്പാട് ചിങ്ങോലി കൃഷ്‌കുമാര്‍-ഉഷാറാണി ദമ്പതികളുടെ മകള്‍ ലക്ഷ്മി(22)യാണ് കൊല്ലപ്പെട്ടത്.


നീണ്ടകര പുത്തന്‍തറ വീട്ടില്‍ ആദര്‍ശ് സുനീതനാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയോടെ സംഭവം. 90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയും പെട്രോള്‍ ഒഴിച്ച് കത്തിച്ച വിദ്യാര്‍ത്ഥിയും ഇന്നലെ വൈകിട്ടോടെ മരണത്തിന് കീഴടങ്ങി. എസ്എംഇയിലെ മുന്‍ വിദ്യാര്‍ഥിയാണ് ആദര്‍ശ്.


ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ എസ്എംഇ കാമ്പസിലെ ലൈബ്രറി മുറിയിലാണ് സംഭവം. ആര്‍പ്പൂക്കരയിലെ സന്നദ്ധ സംഘടന നവജീവനില്‍ ഇന്ന് നടത്താനിരുന്ന മെഡിക്കല്‍ ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയായിരുന്നു ലക്ഷ്മിയും സഹപാഠികളും. ഈ സമയത്ത് ആദര്‍ശ് ഇവരുടെ ഇടയിലേക്ക് കടന്നുവന്ന് ക്യാനില്‍ നിന്ന് ലക്ഷ്മിയുടെ ശരീരത്തേക്ക് പെട്രോള്‍ ഒഴിച്ചു. ഭയന്നു വിറച്ച വിദ്യാര്‍ത്ഥിനി ഓടി ലൈബ്രറി മുറിയിലെത്തി.

പിന്നാലെ എത്തിയ ആദര്‍ശ് ഈ സമയം ലക്ഷ്മിയുടെ ശരീരത്തേക്ക് തീപ്പെട്ടി കത്തിച്ചെറിഞ്ഞു. തീ ആളിപ്പടരുന്നതിനിടെ ആദര്‍ശ് ലക്ഷ്മിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റത്. ലൈബ്രറിയില്‍ വായിച്ചുകൊണ്ടിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ ലക്ഷ്മിയെ സഹായിക്കാന്‍ ശ്രമിച്ചു. പൊള്ളലേറ്റ ഇവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍.

ആദര്‍ശ് സപ്ലിമെന്ററി പരീക്ഷയെഴുതാനാണ് ഇവിടെ വന്നത്. ഇയാളുടെ ജൂനിയറായി എസ്എംഇയില്‍ പഠിച്ചിരുന്ന ലക്ഷ്മിയെ പ്രണയം നടിച്ച് ഇയാള്‍ പല തവണ ശല്യം ചെയ്തിരുന്നു. സഹിക്കാതെ വന്നപ്പോള്‍ രക്ഷിതാക്കളെ വിവരം അറിയിച്ചു, പോലീസില്‍ പരാതി നല്‍കി.
ആദര്‍ശിന്റെ ബാഗില്‍ നിന്ന് എസ്എഫ്‌ഐയുടെ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിന് ലഭിച്ചു.

തിരുവനന്തപുരം ലോ അക്കാദമി വിഷയത്തില്‍ ഇന്നലെ പഠിപ്പു മുടക്കായതിനാല്‍ കുറച്ചു വിദ്യാര്‍ത്ഥികള്‍ മാത്രമാണ് എസ്എംഇയില്‍ ഉണ്ടായിരുന്നത്. ഗാന്ധിനഗര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവം നടന്ന ലൈബ്രറിമുറി പോലീസ് സീല്‍ ചെയ്തു.



Sharing is Caring