രാഷ്ട്രീയ കൊലപാതകങ്ങള്‍: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊല്ലപ്പെട്ട ഏഴ് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുക. സിബിഐ അന്വേഷണം ആവശ്യമില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.


കേസന്വേഷണത്തിന് സിബിഐ വേണ്ട എന്ന നിലപാട് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരാതിയില്‍ പറഞ്ഞ ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം സമര്‍പ്പിച്ചുവെന്നും അഞ്ച് കേസുകളിലും പ്രതികളെ പിടികൂടാനായെന്നും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.


അന്വേഷണത്തെ കുറിച്ച് ആക്ഷേപവുമായി ഇതുവരെ ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. അന്വേഷണം തൃപ്തികരമാണെന്നും കേസുകള്‍ ഒരുമിച്ച് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും കുടുംബ വഴക്കിനെ തുടര്‍ന്നുള്ള കൊലപാതകം പോലും രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രചരിപ്പിക്കുന്നുവെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ വാദവും ഹൈക്കോടതി പരിഗണിക്കും. നേരത്തേ അന്വേഷണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.



Sharing is Caring