സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് ഇനി മത്സരിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. തീരുമാനം തിങ്കളാഴ്ച്ച നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. ഇക്കാര്യം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയാകുമെന്നും സൂചനയുണ്ട്. എന്നാല്‍ യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ബംഗാള്‍ ഘടകം ആവശ്യപ്പെടുമെന്നാണ് വിവരം.
നേരത്തെ, രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.രണ്ട് തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന പാര്‍ട്ടി നയം ജനറല്‍ സെക്രട്ടറി പദവിയിലിരുന്ന് മറികടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്കാണ്. അതിനാല്‍ വീണ്ടും മത്സരിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് 18നാണ് യെച്ചൂരിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നത്.

എന്നാല്‍, ഈ ചട്ടം യെച്ചൂരിയുടെ കാര്യത്തില്‍ ബാധമാക്കേണ്ടതില്ലെന്നാണ് ബംഗാള്‍ ഘടകത്തിന്റെ വാദം. ഇപ്പോള്‍ അദ്ദേഹത്തെ ജയിപ്പിക്കാനുള്ള അവസരം മുതലെടുത്തില്ലെങ്കില്‍ 2020നുശേഷം പാര്‍ട്ടിക്കു ബംഗാളില്‍നിന്നു രാജ്യസഭയില്‍ അംഗങ്ങളില്ലാത്ത സ്ഥിതിയാകുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.













