രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ മകനെ ഓര്‍ത്ത് അഭിമാനിച്ച്‌ ഒരമ്മ


ഹൈദരാബാദ്: ദിവസങ്ങളോളമായി പുകയുന്ന ഇന്ത്യ – ചൈന സംഘര്‍ഷം ഒടുവില്‍ ഇന്നലെ ഒരു ഏറ്റുമുട്ടലില്‍ കലാശിച്ചപ്പോള്‍ രാജ്യത്തിന് നഷ്ടമായത് ഇരുപത് വിലപ്പെട്ട ജീവനുകള്‍. അതേ സമയം, ‘മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ മകനെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന്’ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികന്‍ കേണല്‍ ബി.സന്തോഷ് ബാബുവിന്റെ അമ്മ മഞ്ജുള.


വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ‘സ്ഥലത്തെ സംഘര്‍ഷത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വിശ്വസിക്കേണ്ടെന്നും യഥാര്‍ഥ സ്ഥിതി വ്യത്യസ്തമാണെന്നുമായിരുന്നു പറഞ്ഞത്. അവസാനമായി സംസാരിച്ചത് കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു. മരണവാര്‍ത്ത വിശ്വസിക്കാന്‍ സാധിച്ചില്ലെങ്കിലും അത് സത്യമായിരുന്നു’ മഞ്ജുള പറയുന്നു.


16 ബിഹാര്‍ റെജിമെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് കേണല്‍ സന്തോഷ് ബാബു. ഒന്നരവര്‍ഷമായി ഇന്ത്യചൈന അതിര്‍ത്തിയിലാണ് സേവനം ചെയ്തിരുന്നത്. ഹൈദരാബാദിലേക്ക് സ്ഥലമാറ്റം ലഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

‘ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് സന്തോഷ് സൈനിക് സ്‌കൂളില്‍ ചേര്‍ന്നത്. എനിക്കും സൈന്യത്തില്‍ ചേരാനായിരുന്നു ആഗ്രഹം. എന്നാല്‍ അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. മകനിലൂടെ ഈ ആഗ്രഹം സഫലമാക്കുകയായിരുന്നു. സന്തോഷ് വളരെ കഴിവുള്ളവനും 15 വര്‍ഷത്തെ സര്‍വീസിനിടെ കേണല്‍ റാങ്ക് വരെയുള്ള സ്ഥാനക്കയറ്റങ്ങള്‍ സ്വന്തമാക്കിയ സൈനികനുമായിരുന്നു’ കേണല്‍ സന്തോഷിനെക്കുറിച്ച്‌ പിതാവ് ഉപേന്ദര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.



Sharing is Caring