പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നത് എന്തുകൊണ്ട്? എന്താണ് നടന്നതെന്ന് അറിയണം: രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വനില്‍ ഉണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തില്‍ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് മോദി നിശബ്ദനായതെന്നും എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചു. എന്തു സംഭവിച്ചുവെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അറിയണമെന്നും നമ്മുടെ സൈനികരെ വധിക്കാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടുവെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.


‘പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്നത്? എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നത്. ഇനിയും മിണ്ടാതിരിക്കാനാവില്ല. എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അറിയേണ്ടതുണ്ട്. നമ്മുടെ സൈനികരെ വധിക്കാന്‍ അവര്‍ എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി കയ്യേറാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു’ രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചു. ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചൈന ഇതുവരെ മരണ വിവരം പുറത്തു വിട്ടിട്ടില്ല.


സംഘര്‍ഷത്തില്‍ 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എ.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. പ്രശ്‌നത്തില്‍ പ്രകോപനം ഉണ്ടാക്കിയത് ചൈനയെന്ന് റിപ്പോര്‍ട്ട്. ചൈന അതിര്‍ത്തിയില്‍ അതിക്രമിച്ച്‌ മുന്നോട്ട് വന്നത് തടയാന്‍ ഇന്ത്യന്‍ സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റെന്നും ഇതില്‍ പറയുന്നു.

പിപി14 എന്ന ഇന്ത്യന്‍ പട്രോളിങ് സംഘം ഗാല്‍വാന്‍ താഴ്‌വരയിലെ 14ാം പോയിന്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം മുന്നേറിയതായി മനസിലാക്കിയത്. ഇന്ത്യന്‍ സംഘത്തില്‍ ആളുകള്‍ കുറവായിരുന്നു. ചൈനീസ് സൈന്യവുമായി ആദ്യം ചര്‍ച്ച ചെയ്ത ഇന്ത്യന്‍ സംഘം പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. ഇത് പ്രകാരം ചൈന തങ്ങളുടെ പി5 എന്ന പോയിന്റിലേക്ക് പിന്മാറാമെന്ന് സമ്മതിച്ചു. ഇതോടെ ഇരു സംഘങ്ങളും പിരിഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ പട്രോളിങ് സംഘം തിരികെ പോയെന്ന് മനസിലാക്കിയ ഉടന്‍ ചൈനീസ് പട്ടാളം ഇതേ പോയിന്റിലേക്ക് തിരികെ വന്നു. ചൈനയുടെ നീക്കം തിരിച്ചറിഞ്ഞ് കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ സ്ഥലത്തേക്ക് എത്തി. ഇവിടെ വച്ച്‌ സംഘര്‍ഷം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൈനീസ് സംഘത്തിന്റെ പക്കല്‍ ഇരുമ്ബ് വടികളുണ്ടായിരുന്നുവെന്നും സംഘര്‍ഷത്തിനിടെ മലയിടുക്കിലേക്കും പുഴയിലേക്കും വീണുമാണ് കൂടുതല്‍ സൈനികര്‍ വീരമൃത്യു വരിച്ചതെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചൈനീസ് സേനയുടെ ഭാഗത്ത് 43 പേര്‍ക്ക് മരണമോ പരിക്കോ ഏറ്റെന്ന് കരസേനയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിനായി എല്ലാവരും കാത്തിരിക്കുന്നുണ്ട്. ഇതുവരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. അധികാരത്തിലെത്തിയ കാലം മുതല്‍ ചൈനയുമായുള്ള ബന്ധം നന്നാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയില്ല, എന്നാല്‍ സൗഹൃദം ശക്തിപ്പെടുത്താമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.



Sharing is Caring