പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ രഹ്ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സാമൂഹ്യ മാധ്യമത്തിലൂടെ ദൃശ്യം കണ്ട ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്തതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് രഹ്ന വ്യക്തമാക്കി.
എഫ്.ഐ.ആറിന്റെ പകർപ്പ് കിട്ടിയിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് ബി.എസ്.എൻ.എൽ മുൻ ജീവനക്കാരി കൂടിയായ രഹ്ന ഹരജി നൽകിയിരിക്കുന്നത്. ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടിയെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.

രഹ്ന ഫാത്തിമക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്. തന്റെ കുട്ടിയെ വെച്ച് എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും രഹ്നയുടെ പ്രവൃത്തി നിയമ ലംഘനമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
‘രഹ്ന ഫാത്തിമയുടെ മുന്‍കാല ചെയ്തികളും പരിഗണിക്കണം. സ്വന്തം ശരീരത്തില്‍ കുട്ടിയെകൊണ്ട് ചിത്രം വരപ്പിച്ചത് അമ്പത്തിയൊന്നായിരം പേരാണ് കണ്ടത്. ഇത് പോക്സോ പരിധിയില്‍ വരും’ എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
രഹ്നയുടെ പ്രവൃത്തി ബോഡി ആര്‍ട്ടാണെന്ന് രഹ്നയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും വ്യക്തിസ്വാതന്ത്യത്തില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തിയാണെന്നും ഹരജിയില്‍ വാദിക്കുന്നു. യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്നതിന്റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് രഹ്നയുടെ വാദം.













