യുപി തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ 63 ശതമാനം പോളിംഗ്


ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് അഞ്ചുവരെ 63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇത് 61 ശതമാനമായിരുന്നു. പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഏഴുഘട്ടങ്ങളായാണ് സംസ്ഥാനത്തു തെരഞ്ഞെടുപ്പ് നടക്കുന്നത്.


2013ല്‍ സാമുദായിക കലാപം അരങ്ങേറിയ മുസഫര്‍നഗര്‍, ഷംലി ഉള്‍പ്പെടെ 15 ജില്ലകള്‍ വോട്ടെടുപ്പില്‍ ഉള്‍പ്പെട്ടിരുന്നു. 838 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍ പൊതുവെ സമാധാനപരമായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗ്, ബിജെപി നേതാവ് സംഗീത് സോം, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് വാജ്‌പേയി എന്നിവരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.


കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും 24 വീതം സീറ്റുകളില്‍ ഇവിടെ വിജയിച്ചിരുന്നു. ബിജെപിക്ക് 11 സീറ്റുകളാണു ലഭിച്ചത്. ഇത്തവണ പടിഞ്ഞാറന്‍ യുപിയില്‍ ബിജെപി വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.



Sharing is Caring