വ്യാജയാത്രാരേഖകള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍. ശക്തനെതിരേ വിജിലന്‍സ് അന്വേഷണം. ഇതു സംബന്ധിച്ച് ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഉത്തരവായി.
യാത്രാപടി തട്ടിപ്പ് പുറത്തുവിട്ടപ്പോള്‍ അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ദ്രുതപരിശോധനയാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍, അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡി നടപടിയെടുത്തിരുന്നില്ല.

ഡെപ്യൂട്ടി സ്പീക്കര്‍, സ്പീക്കര്‍ പദവികളിലിരിക്കേ ശക്തന്‍ പ്രതിമാസം ശരാശരി ഒരുലക്ഷം രൂപ ലഭിക്കത്തക്കവിധം വ്യാജബില്‍ സമര്‍പ്പിക്കുകയായിരുന്നു.യാത്രപ്പടി വാങ്ങിയതല്ലാതെ,പലയിടങ്ങളിലും അദ്ദേഹം പോയിട്ടേയില്ലായിരുന്നു. ഇപ്രകാരം ഒരേദിവസം പലയിടങ്ങളില്‍ പോയെന്നവകാശപ്പെട്ട് ബില്‍ സമര്‍പ്പിച്ചു.
സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും മന്ത്രിമാരും ഉള്‍പ്പെടെയുള്ള വി.വി.ഐ.പികളുടെ യാത്രാവിവരങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് പോലീസിനെ അറിയിക്കണമെന്നാണു വ്യവസ്ഥ.
അങ്ങനെ നല്‍കിയ രേഖകളും ശക്തന്‍ സമര്‍പ്പിച്ച ബില്ലുകളും പൊരുത്തപ്പെടാതിരുന്നതോടെയാണു കള്ളിവെളിച്ചത്തായത്. ശക്തന്‍ ഡെപ്യൂട്ടി സ്പീക്കറും സ്പീക്കറുമായിരുന്ന കാലയളവിലെ യാത്രാരേഖകള്‍ വിവരാവകാശനിയമപ്രകാരം നല്‍കാനും കൂട്ടാക്കിയില്ല.













