മുല്ലപ്പെരിയാര്‍: തമിഴ്‌നാടുമായി സംഘര്‍ഷത്തിനില്ലെന്ന് മുഖ്യമന്ത്രി


മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാടുമായി സംഘര്‍ഷത്തിന് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരള ജനതയാകെ ആഗ്രഹിക്കുന്നതും ഇതുതന്നെയാണെന്ന് അദ്ദേഹം തിരുവനന്തപുരം പ്രസ്‌ക്‌ളബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.മുല്ലപ്പെരിയാര്‍ സംബന്ധിച്ച് സംസ്ഥാനനിയമസഭ ഒറ്റക്കെട്ടായി അംഗീകരിച്ച പ്രമേയത്തില്‍ ഉറച്ചുനില്‍ക്കും. പുതിയ ഡാം നിര്‍മ്മിക്കണമെന്നുതന്നെയാണ് നിലപാട്. നമുക്ക് തനിയെ ഡാം പണിയാനാകില്ല. തമിഴ്നാടിന്റെ സഹകരണം വേണം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും വേണം. പക്ഷേ അവിടെ ഒരു ഉടക്കുണ്ട് നിലവിലുള്ള ഡാം ബലമുള്ളതാണെന്നാണ് തമിഴ്നാട് കാണുന്നത്. പഴക്കമുള്ളതിനാല്‍ ബലക്ഷയമുണ്ടെന്നാണ് നമ്മള്‍ കാണുന്നത്. നമ്മുടെ നിലപാട് തമിഴ്നാടും കേന്ദ്രസര്‍ക്കാരും അംഗീകരിക്കുന്നില്ല. സുപ്രീംകോടതിയും അംഗീകരിക്കുന്നില്ല. അതുകൊണ്ട് നിലവിലെ ഡാമിന് ബലക്ഷയമുണ്ടോ എന്ന പരിശോധനയാണ് ആദ്യം വേണ്ടത്. അതിന് ഒരു അന്താരാഷ്ട്ര വിദഗ്ധസമിതിയുടെ പരിശോധന ആവശ്യമാണ്. അതിനും ഇവരുടെയെല്ലാം അനുമതി വേണം. അതിനാല്‍ ചര്‍ച്ചകളിലൂടെ ശ്രം തുടരുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര വിദഗ്ധരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. –മുഖ്യമന്ത്രി പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായം,പച്ചക്കറി വില കുറയ്ക്കല്‍,വിപണിയില്‍ ഇടപെടല്‍ തുടങ്ങിയവയെല്ലാമുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞതുപോലെ മതനിരപേക്ഷ അഴിമതി രഹിത വികസന കേരളമെന്ന മുദ്രാവാക്യത്തിന് തന്നെയാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും പിണറായി പറഞ്ഞു.




Sharing is Caring