ഐ.എന്‍.എസ് വിക്രമാദിത്യയില്‍ വാതക ചോര്‍ച്ച; രണ്ടു മരണം


യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ രണ്ടു മരണം. ഒരു നാവികനും കരാര്‍ തൊഴിലാളിയുമാണ് മരിച്ചത്. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് ചെറിയ തോതിലുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടിട്ടുണ്ട്.


കര്‍ണാടകയിലെ കര്‍വാറിലുള്ള നാവികകേന്ദ്രത്തിലാണ് അപകടം നടന്നത്.
യുദ്ധക്കപ്പല്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പൈപ്പ് മാറ്റലിനിടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. കപ്പലിന്റെ അടിത്തട്ടിലെ മാലിന്യ നിര്‍മാര്‍ജന സംവിധാനത്തിനുള്ള പൈപ്പ് മാറ്റുന്നതിനിടെയാണ് സംഭവം.


മലിനജലം വഹിക്കുന്ന പൈപ്പിലെ ചോര്‍ച്ച പരിഹരിക്കുന്നതിനിടെ ഹൈഡ്രജന്‍ സള്‍ഫേഡ് വാതകം അമിതമായി ചോര്‍ന്നാണ് മരണമെന്നാണ് ഔദ്യോഗിക വിശദീകരണം. നാവിക സേനയില്‍ ഷിപ്പ്‌റൈറ്റ് ആര്‍ട്ടിഫിസറായ രാകേഷ് കുമാര്‍, കപ്പലില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന റോയല്‍ മറൈന്‍ കമ്പനി ജീവനക്കാരന്‍ മോഹന്‍ദാസ് കോലാംബ്കര്‍ എന്നിവരാണ് മരിച്ചത്.



Sharing is Caring