മോദിയെ കള്ളനെന്ന് വിളിച്ചതിന് പിന്നാലെ ദിവ്യ സ്‌പന്ദനയുടെ സ്ഥാനം തെറിച്ചു


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്‍ എന്ന് വിളിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്‌പന്ദന രാജി വച്ചതായി സൂചന. കഴിഞ്ഞ ആഴ്ചയാണ് മോദിയെ ട്വിറ്ററിലൂടെ കള്ളന്‍ എന്ന് വിളിച്ച്‌ ദിവ്യ അധിക്ഷേപിച്ചത്. ഇതിന് പിന്നാലെ ദിവ്യയ്ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.


ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാവ് മാര്‍ഗരറ്റ് ആല്‍വയുടെ മകന്‍ നിഖില്‍ ആല്‍വയ്‌ക്ക് ദിവ്യയുടെ ചുമതലകള്‍ കൂടി നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ദിവ്യയുടെ രാജി എന്നാണ് സൂചന. നിലവില്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് കെെകാര്യം ചെയ്യുന്നത് നിഖിലാണ്.


ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ് വാര്‍ദ്ധയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുള്‍പ്പെടെ ദിവ്യ മാറി നിന്നതോടെയാണ് സ്ഥാനത്ത് നിന്നും മാറിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. അതേസമയം, കൂടുതല്‍ ഉയര്‍ന്ന സ്ഥാനം നല്‍കാനാണ് സോഷ്യല്‍ മീഡിയ മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.



Sharing is Caring