മോഡിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കി സിപിഐ എമ്മിന്റെ സംസ്ഥാന വ്യാപകപ്രതിഷേധം


വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്രസർക്കാർ തുടർന്നുപോരുന്ന ജനദ്രോഹനയങ്ങൾക്കുമെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ ദേശവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാര്‍ച്ചിലും ധര്‍ണ്ണയിലുമാണ് കേന്ദ്ര സര്‍ക്കാരിനെതിരായ വിരോധം ആളിക്കത്തിയത്. സംസ്ഥാനവ്യാപകമായി സിപിഐ എം സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയില്‍ ആയിരങ്ങള്‍ അണിനിരന്നു. തിരുവനന്തപുരത്ത് രാജ്ഭവനുമുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ സമ്പത്ത് എംപി, എം വിജയകുമാര്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിലും സംസ്ഥാനത്തെ 206 ഏരിയ കേന്ദ്രങ്ങളിലുമായാണ് മാര്‍ച്ചും ധര്‍ണയും നടന്നത്. എല്ലാ ഒഴിവുള്ള തസ്തികകളിലും നിയമനം നടത്തുക, പട്ടികജാതി/വര്‍ഗ നിയമന കുടിശ്ശിക നികത്തുക, സ്വകാര്യമേഖലയിലും സംവരണം ഉറപ്പാക്കുക. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപോലെ നഗരങ്ങള്‍ക്കും ബാധകമായ തൊഴിലുറപ്പുപദ്ധതി കൊണ്ടുവരിക, നിയമം നടപ്പാക്കുന്നതിന് കഴിയുന്നവിധം തൊഴിലുറപ്പുപദ്ധതിക്ക് പണം നീക്കിവയ്ക്കുക, പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് ഡ്യൂട്ടിയും വിലയും കുറയ്ക്കുക, അവശ്യസാധനങ്ങള്‍ പൊതുവിതരണ സംവിധാനത്തില്‍ നിയന്ത്രിതവിലയ്ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുക, ഔഷധവില നിയന്ത്രിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.




Sharing is Caring