മൊറോക്കോ, ടുണീഷ്യ യോഗ്യതനേടി


ലോകകപ്പ് ഫുട്ബോളിന് ആഫ്രിക്കയില്‍നിന്ന് മൊറോക്കോയും ടുണീഷ്യയും അര്‍ഹത നേടി. ഇതോടെ ആഫ്രിക്കന്‍ ടീമുകള്‍ പൂര്‍ണമായി. സെനഗല്‍, നൈജീരിയ, ഈജിപ്ത് എന്നിവര്‍ നേരത്തെ അര്‍ഹത നേടി.


ഗ്രൂപ്പ് സിയില്‍ ഐവറി കോസ്റ്റിനെ തോല്‍പ്പിച്ചാണ് മൊറോക്കോ റഷ്യന്‍ ലോകകപ്പിന് യോഗ്യരായത്. 2-0. ഗ്രൂപ്പ് മത്സരങ്ങളില്‍ ഒറ്റഗോള്‍പോലും വഴങ്ങാതെയാണ് മൊറോക്കോയുടെ മുന്നേറ്റം. 1998ന് ശേഷം ആദ്യമായാണ് മൊറോക്കോ ലോകവേദിയിലേക്ക് എത്തുന്നത്. ടുണീഷ്യ ലിബിയയുമായുള്ള മത്സരം സമനിലയില്‍ അവസാനിപ്പിച്ചാണ് അര്‍ഹത നേടിയത്. ഗോള്‍രഹിതമായിരുന്നു മത്സരം. ടുണീഷ്യയ്ക്ക് സമനില മതിയായിരുന്നു.


അഞ്ച് മിനിറ്റിനകം രണ്ട് ഗോള്‍ നേടിയാണ് മൊറോക്കോ ഐവറി കോസ്റ്റിനെ തകര്‍ത്തത്. 35,000 കാണികള്‍ നിറഞ്ഞ സ്റ്റേഡിയത്തില്‍ ഐവറി കോസ്റ്റിനായിരുന്നു ആദ്യ അവസരം. ഗോള്‍കീപ്പര്‍മാത്രം മുന്നില്‍ നില്‍ക്കെ ജെര്‍വിന്യോ പെനല്‍റ്റി ബോക്സില്‍നിന്ന് അടിച്ചത് ബാറിന് മീതെ പറന്നു. ഐവറി കോസ്റ്റിന്റെ വിധിയെഴുതിയ നിമിഷമായി ഇത്. മൊറോക്കോയുമായി ഒരു പോയിന്റ് വ്യത്യാസംമാത്രമെ ഐവറി കോസ്റ്റിനുണ്ടായിരുന്നുള്ളു.

ടുണീഷ്യ 14 പോയിന്റുമായാണ് റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയത്. 2006ലാണ് ടുണീഷ്യ അവസാനമായി ലോകകപ്പ് കളിച്ചത്. ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ ഗിനിയയെ തോല്‍പ്പിച്ചെങ്കിലും (3-1) ടുണീഷ്യക്ക് പിന്നില്‍ രണ്ടാമതായി. കോംഗോയ്ക്ക് 13 പോയിന്റ്. ടുണീഷ്യ ലിബിയയോട് തോറ്റെങ്കില്‍മാത്രമെ കോംഗോയ്ക്ക് അവസരം ഉണ്ടാകുമായിരുന്നുള്ളു.



Sharing is Caring