മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എന്‍ സോമന്‍, കെ.കെ മഹേഷ്, ദിലീപ്കുമാര്‍, നജീബ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വെള്ളാപ്പള്ളിക്ക് എതിരെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 20 ദിവസത്തെ സമയം വിജിലന്‍സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കേസില്‍ വെള്ളാപ്പള്ളിക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന നിര്‍ദ്ദേശം വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചിരുന്നു. 15 കോടി രൂപയുടെ തട്ടിപ്പ് വെള്ളാപ്പള്ളി നടേശന്‍ മൈക്രോ ഫിനാന്‍സ് ഇടപാട് വഴി നടത്തി എന്നാണ് കേസ്. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.












