മുന്നൊരുക്കങ്ങളുടെ ഭാഗമായി ആണ് ഇടുക്കി അണക്കെട്ട് തുറക്കുന്നതെന്ന് എംഎം മണി


തിരുവനന്തപുരം: ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നത് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണെന്ന് മന്ത്രി എം.എം. മണി. മുന്നൊരുക്കങ്ങളുടെ ഭാഗമായി ആണ് ഷട്ടര്‍ തുറക്കുന്നതെന്നും അണക്കെട്ട് തുറക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ചെറുതോണിയുടെ ഒരു ഷട്ടര്‍ മാത്രമായിരിക്കും തുറക്കുക. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മണി കൂട്ടിച്ചേര്‍ത്തു. ഒരു ഷട്ടറിലൂടെ സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമൊഴുക്കി വിടാനാണ് തീരുമാനം. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അതേസമയം ഇന്നലെ നാല് മണിക്ക് ഷട്ടര്‍ തുറക്കാനായിരുന്നു കെഎസ്‌ഇബിയുടെ ആദ്യ തീരുമാനം. എന്നാല്‍ പകല്‍ മഴ മാറി നിന്നതോടെ തീരുമാനം മാറ്റുകയായിരന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്‌ഇബി യോഗത്തിലാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. മഴയുടെ പശ്ചാത്തലത്തില്‍ മാട്ടുപ്പെട്ടി, പൊന്‍മുടി, മലങ്കര അണക്കെട്ടുകളില്‍ നിന്നുള്ള ജലമൊഴുക്ക് കൂട്ടി. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ക്കുള്ള നിരോധനം തുടരുകയാണ്.




Sharing is Caring