മുഖ്യമന്ത്രി ജിഷാഭവനത്തിന്റെ താക്കോല്‍ രാജേശ്വരിക്കു കൈമാറി


കനാല്‍പുറമ്പോക്കിലെ ഒറ്റമുറിവീടിന്റെ അരക്ഷിതാവസ്ഥയില്‍നിന്ന് ജിഷയുടെ അമ്മ രാജേശ്വരി മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപിടിച്ച് പുതിയ വീടിന്റെ സുരക്ഷിതത്വത്തിലേക്ക്.കൊടും ക്രൂരതയ്ക്കിരയായി മരിച്ച നിയമവിദ്യാര്‍ഥിനി ജിഷയുടെ കുടുംബത്തിന് സാമൂഹ്യനീതി നടപ്പാക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ മറ്റൊരു സാക്ഷാല്‍കാരം. അധികാരമേറ്റ് 45–ാം ദിവസമായ ശനിയാഴ്ച വൈകിട്ട് മുടക്കുഴ തൃക്കേപാറയില്‍ തടിച്ചുകൂടിയ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി ജിഷാഭവനത്തിന്റെ താക്കോല്‍ രാജേശ്വരിക്കു കൈമാറി.
ജിഷയുടെ അമ്മയും കുടുംബവും ഇനി നാടിന്റെ സംരക്ഷണയിലാണ് കഴിയേണ്ടതെന്ന് പിണറായി പറഞ്ഞു. ഇനിയൊരു ജിഷ ഉണ്ടാകാന്‍പാടില്ലെന്ന ബോധം എല്ലാവരിലും ഉണ്ടാകണം. അത്തമൊരു ജാഗ്രതയെ മുന്നില്‍നിന്നു നയിക്കാന്‍ കഴിവുള്ള സര്‍ക്കാരാണ് ഇന്ന് കേരളത്തിലുള്ളതെന്നും പിണറായി പ്രഖ്യാപിച്ചു.കലക്ടറുടെയും ജിഷയുടെ അമ്മ രാജേശ്വരിയുടെയും സംയുക്ത അക്കൌണ്ടിലൂടെ സമാഹരിച്ച 38.43 ലക്ഷം രൂപയില്‍നിന്ന് 11.50 ലക്ഷം രൂപ ചെലവഴിച്ചാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷനായി.




Sharing is Caring