മുംബൈ മേല്‍പ്പാലം തകര്‍ന്ന സംഭവം; നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഓഡിറ്റര്‍ അറസ്റ്റില്‍


മുംബൈ: മുംബൈയില്‍ മേല്‍പ്പാലം തകര്‍ന്ന് ആറുപേര്‍ മരിച്ച സംഭവത്തില്‍ പാലത്തിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ഓഡിറ്റര്‍ അറസ്റ്റില്‍. നാല്‍പ്പത്തിയെട്ടുകാരനായ നീരജ് കുമാര്‍ ദേശായി ആണ് പിടിയിലായത്. പാലം സഞ്ചാരയോഗ്യമാണെന്നും സുരക്ഷിതമാണെന്നും ഇയാളാണ് സാക്ഷ്യപ്പെടുത്തിയത്.
പ്രൊഫസര്‍ ഡിഡി ദേശായീസ് അസോസിയേറ്റ്‌സ് എഞ്ചീനീയറിങ്ങ് കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്‌ അറസ്റ്റിലായ നീരജ് കുമാര്‍ ദേശായി. മേല്‍പ്പാലത്തിന്റെ സുരക്ഷ സംബന്ധിച്ച്‌ മുംബൈ എസ്പ്ലാനേഡ് കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെ അന്ധേരിക്കടുത്തുളള സകിനകില്‍ നിന്നാണ് നീരജ് കുമാര്‍ പൊലീസ് പിടിയിലാകുന്നത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സിഎസ്‌എംടി റെയില്‍വെ സ്‌റ്റേഷനെ തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് ആറുപേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സംഭവത്തിലെ ആദ്യത്തെ അറസ്റ്റാണിത്.




Sharing is Caring