മിസോറാമിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സെമിയില്‍


സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമിയില്‍. മിസോറാമിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് കേരളം സെമി ഉറപ്പിച്ചത്.


കേരളത്തിനായി അസ്ഹറുദ്ദീന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ജോബി ജസ്റ്റിനും സീസണും ഓരോ തവണ വീതം മിസോറാം ഗോള്‍വല കുലുക്കി. കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു അസ്ഹറുദ്ദീന്‍ ആവേശക്കാറ്റായ് ആഞ്ഞടിച്ചത്. ആദ്യ പകുതിയില്‍ കേരളം 2-0ന് മുന്നിലായിരുന്നു.


ഇതോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി കേരളം ഗ്രൂപ്പില്‍ ഒന്നാമതെത്തി. രണ്ടു വിജയവും ഒരു സമനിലയും ഉള്‍പ്പെടെയാണ് കേരളം ഏഴു പോയിന്റ് സ്വന്തമാക്കിയത്. ഗ്രൂപ്പിലെ മുമ്പന്‍മാരായിരുന്ന പഞ്ചാബ് ഇന്നു നടന്ന രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയോട് 1-0 ത്തിനു തോറ്റതും കേരളത്തെ ഒന്നാമതെത്താന്‍ സഹായിച്ചു.

ഇതോടെ നാലു മല്‍സരങ്ങളില്‍നിന്ന് പഞ്ചാബിനുള്ളത് അഞ്ചു പോയിന്റാണ്. കേരളത്തോട് തോറ്റ മിസോറാമാകട്ടെ, മൂന്നു കളികളില്‍നിന്ന് നാലു പോയിന്റുമായി മൂന്നാംസ്ഥാനത്താണ്.



Sharing is Caring