മിനിമം ബാലന്‍സ്: പരിധിയും പിഴയും കുറച്ച് എസ്.ബി.ഐ


സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് പരിധിയും പിഴയും എസ്.ബി.ഐ കുറച്ചു. 20ശതമാനം മുതല്‍ 50 ശതമാനം വരെയാണ് കുറച്ചത്. മെട്രോ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ട തുക 5,000ല്‍ നിന്ന് 3000 രൂപയായും കുറച്ചിട്ടുണ്ട്. മിനിമം അക്കൗണ്ട് ബാലന്‍സ് സൂക്ഷിക്കേണ്ട കാര്യത്തില്‍ മെട്രോ, അര്‍ബന്‍ മേഖലകളെ ഒരു വിഭാഗത്തിലേക്ക് കൊണ്ടുവന്നു. നേരത്തെ മെട്രോ നഗരങ്ങളില്‍ 5000 രൂപയായിരുന്നു.


ഏപ്രില്‍ ഒന്നുമുതലാണ് മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്ത അക്കൗണ്ടുകള്‍ക്ക് പിഴ ഈടാക്കി തുടങ്ങിയത്. സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില് 20 രൂപ മുതല്‍ 40 രൂപ വരെയും അര്‍ബന്‍, മെട്രോ നഗരങ്ങളില്‍ 30 മുതല്‍ 40 രൂപവരെയുമാണ് പുതുക്കിയ പിഴ നിരക്ക്.


അടുത്തമാസം മുതല്‍ ഇളവ് നിലവില്‍ വരും. പെന്‍ഷന്‍കാര്‍, സാമൂഹിക പദ്ധതികളുടെ ഗുണഭോക്താക്കള്‍, 18 വയസില്‍ താഴയുള്ളവര്‍ എന്നിവരെ കുറഞ്ഞ തുക അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടുന്നവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജന്‍ധന്‍ അക്കൗണ്ടുകള്‍, ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകാര്‍ എന്നിവരെ നേരത്തെ തന്നെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.



Sharing is Caring