മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ ആവുന്നില്ല; രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടി ശ്രീലേഖ മിത്ര


സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച ശേഷം താങ്ങാനാകാത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി ബംഗാളി നടി ശ്രീലേഖ മിത്ര. മാനസിക സമ്മര്‍ദ്ദം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല എന്നാണ് നടി ഫേസ്ബുക്കില്‍ കുറിച്ചത്.


പാലേരിമാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നെ സംവിധായകന്‍ രഞ്ജിത് പീഡിപ്പിച്ചു എന്ന് ശ്രീലേഖ മിത്ര ഒരു മലയാളം ന്യൂസ് ചാനല്‍ വഴി ആരോപണം ഉന്നയിച്ചത് കേരളത്തില്‍ വലിയ കോളിളക്കമുണ്ടാക്കി. ഇതോടെ സംവിധായകന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടിയും വന്നു. ബംഗാളി മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്തക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു.


ഞാന്‍ താരമല്ല… കലാകാരിയാണ് അതുകൊണ്ടുതന്നെ ലോലമനസാണ് തനിക്കെന്നും ശ്രീലേഖ മിത്ര പോസ്റ്റില്‍ പറയുന്നു. വെള്ളിയാഴ്ച തന്റെ ജന്മദിനം ആഘോഷിക്കാനോ ആശംസകള്‍ സ്വീകരിക്കാനോപോലും ഇഷ്ട്ടപ്പെടുന്നില്ല. കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു… എല്ലാറ്റില്‍നിന്നുമൊഴിഞ്ഞ് ഒരു ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുകയാണ് എന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീലേഖയുടെ പോസ്റ്റിന് താഴെ സുഹൃത്തുക്കളും ആരാധകരും പൂര്‍ണ്ണ പിന്തുണയുമായി എത്തി. ധൈര്യം കൈവിടരുതെന്നും നിങ്ങളാണ് പലരുടെയും ശക്തിയെന്നും പോസ്റ്റിന് താഴെ കമന്റുകള്‍ എത്തി. സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കരുതെന്നും ഇവിടെ നിന്നുകൊണ്ടുതന്നെ നിങ്ങളുടെ പോരാട്ടം തുടരണമെന്നും ചിലര്‍ കുറിച്ചു. പതിനഞ്ച് വര്‍ഷം മുന്‍പ് രഞ്ജിത്ത് സൃഷ്ട്ടിച്ച നഷ്ടത്തെക്കാള്‍ വലിയ നഷ്ടമാണ് ബംഗാളിസിനിമാമേഖലയില്‍ നിന്ന് താന്‍ നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് കഴിഞ്ഞദിവസം ശ്രീലേഖ കുറിച്ചിരുന്നു.



Sharing is Caring