കടുത്തുരുത്തിക്കു സമീപം മുണ്ടാറിലെ വെള്ളപ്പൊക്കക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തി മടങ്ങവേ വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട മാധ്യമസംഘത്തിലെ രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കും. മാതൃഭൂമി പ്രാദേശിക ലേഖകന്‍ ആപ്പാഞ്ചിറ മാന്നാര്‍ പട്ടശേരില്‍ സജി മെഗാസ് (48), മാതൃഭൂമി ന്യൂസ് ചാനലിലെ ഡ്രൈവര്‍ തിരുവല്ല സ്വദേശി ബിബിന്‍ (30) എന്നിവരെയാണ് കാണാതായത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 12.30നു മുണ്ടാര്‍ പാറേല്‍ കോളനിക്കു സമീപം കരിയാറിലെ മനയ്ക്കച്ചിറ ഒമ്ബതാം നമ്ബറിലാണ് സംഭവം. കാണാതായവര്‍ക്കായി വൈകിട്ട് ഏഴുവരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് തെരച്ചില്‍ ചൊവ്വാഴ്ച രാവിലത്തേക്ക് മാറ്റുകയായിരുന്നു.വള്ളത്തിലുണ്ടയിരുന്ന മാതൃഭൂമി ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടര്‍ തൃശൂര്‍ കുടപ്പുഴമന ശ്രീധരന് നമ്ബൂതിരി (29), കാമറാമാന് കോട്ടയം ചിറക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് നായര്‍ (29), വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ അനീഷ്ഭവനില്‍ അഭിലാഷ് (40) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.














