വയറിളക്കവും ഛര്‍ദിയും ബാധിച്ച് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടു വയസുകാരന് മരിച്ചതിനു കാരണം ഷിഗെല്ല ബാക്ടീരിയല്ലെന്നു സ്ഥിരീകരണം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗെല്ലയല്ലെന്ന് തെളിഞ്ഞത്.
അടിവാരം തലക്കുന്നുമ്മല് തേക്കില്‍ ടി.കെ. അര്‍ഷാദിന്റെ മകന് മുഹമ്മദ് സിയാന് ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്. കുട്ടിക്ക് ഷിഗെല്ല ബാക്ടീരിയ ബാധിച്ചാണെന്ന് തുടക്കത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതമായ നിര്‍ജലീകരണം കാരണമാണ് മരണം. വിദഗ്ധ പരിശോധനയ്ക്കായി സാന്പിള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

സിയാന്റെ ഇരട്ട സഹോദരന് സയാനും വയറിളക്കത്തെ തുടര്‍ന്ന് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ തീവ്രപരിചരണത്തിലാണ്. കഴിഞ്ഞ പതിനെട്ടിനാണ് രോഗബാധിതരായ ഇരട്ടക്കുട്ടികളെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.













