മഹിജയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ച്‌ എ.ഡി.ജി.പി അന്വേഷിക്കും


ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും ഡി.ജി.പി ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ അന്വേഷിക്കും. രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയും മറ്റ് ബന്ധുക്കളും ആശുപത്രിയില്‍ നടത്തിവന്ന സമരം അവസാനിപ്പിക്കാന്‍ തയ്യാറാക്കിയ വ്യവസ്ഥകളില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഉന്നതതല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.


സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ഐ.ജി.
മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയൊന്നും ശുപാര്‍ശ ചെയ്തിട്ടില്ല. സംഭവം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ജി.പി ഓഫീസിന് മുന്നില്‍ എന്താണ് നടന്നതെന്ന് വിവരിക്കുന്ന വസ്തുതാ വിവര റിപ്പോര്‍ട്ടാണ് മനോജ് എബ്രഹാം ഡി.ജി.പിക്ക് സമര്‍പ്പിച്ചത്. ഉന്നതതല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഈ റിപ്പോര്‍ട്ട് ഫലത്തില്‍ തള്ളുന്നതിന് തുല്യമായി.




Sharing is Caring