മലാല ഇനി ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കും


ലോകത്തെ ഏറ്റവും ചെറുപ്പക്കാരിയായ നൊബേല്‍ ജേതാവ് മലാല യൂസുഫ് സായിക്ക് ലണ്ടനിലെ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം. മലാല തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. യൂനിവേഴ്‌സിറ്റിയില്‍ നിന്നു ലഭിച്ച അഡ്മിഷന്‍ അറിയിപ്പടക്കമാണ് മലാല ട്വീറ്റ് ചെയ്തിരിക്കുന്നത്.


മാര്‍ച്ചിലാണ് മലാലയ്ക്ക് ഓക്‌സ്ഫഡില്‍ നിന്ന് ഉപാധിയോടെയുള്ള പ്രവേശന കത്ത് ലഭിച്ചത്. ഓക്‌സ്ഫഡിലെ ലേഡി മാര്‍ഗരറ്റ് ഹാളിലാണ് പ്രവേശനം. പാകിസ്താന്റെ പ്രഥമ വനിതാ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും ഇവിടെയാണ് പഠിച്ചത്.


ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് (പി.പി.ഇ) കോഴ്‌സാണ് മലാല തെരഞ്ഞെടുത്തിരിക്കുന്നത്.

പാകിസ്താനില്‍ നിന്ന് സ്‌കൂളിലേക്കു പോവുന്നതിനിടെ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ മലാല പിന്നീട് ബ്രിട്ടണിലാണ് വളര്‍ന്നത്. 2014 ല്‍ ഇന്ത്യക്കാരനായ കൈലാശ് സത്യാര്‍ഥിയോടൊപ്പം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.



Sharing is Caring