ബിജെപിയ്‌ക്കെതിരായ മഹാസഖ്യ സാധ്യതകള്‍ സജീവമാക്കി ശരദ് യാദവിന്റെ സമ്മേളനം

ബിജെപിയ്‌ക്കെതിരായ മഹാസഖ്യ സാധ്യതള്‍ സജീവമാക്കി ജെഡിയു നേതാവ് ശരത് യാദവിന്റെ സമ്മേളനം. പ്രതിപക്ഷ പാര്‍ട്ടികളെ സംഘടിപ്പിച്ചാണ് ശരദ് യാദവിന്റെ നേതൃത്വത്തില്‍ സേവ് കോംപസിറ്റ് കള്‍ച്ചര്‍ എന്ന പേരില്‍ സമ്മേളനം സംഘടിപ്പിച്ചത്. ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ ബിജെപിയോടൊപ്പം പോയിട്ടും മഹാസഖ്യത്തിന്റെ സാധ്യതകള്‍ അവസാനിച്ചില്ല എന്ന പ്രതീക്ഷ തരുന്നതാണ് ഇന്ന് ശരദ് യാദവിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന സമ്മേളനം.

സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി എന്നിവര്‍ക്ക് പുറമേ കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സാന്നിധ്യം കൊണ്ടും സമ്മേളനം ശ്രദ്ധേയമായിരുന്നു.

സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിശിതമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഉയര്‍ത്തിയ വാഗ്ധാനങ്ങളൊന്നും ഇതുവരെ നടപ്പിലാക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടില്ലെന്നും തൊഴിലില്ലായ്മ രാജ്യത്ത് പ്രതികൂലാന്തരീഷം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡിയ്ക്ക് ആവശ്യം സ്വച്ഛ് ഭാരതാണെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യം സച്ഛ് ഭാരതാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. എവിടെ പോയാലും നരേന്ദ്ര മോഡി കള്ളമേ പറയൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോഡി ഉയര്‍ത്തി കാട്ടിയ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയേയും രാഹുല്‍ പരിഹസിച്ചു. നിലവില്‍ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ മാത്രമേ ഇന്ത്യയില്‍ വില്‍പനയ്ക്കുള്ളൂ എന്ന സ്ഥിതിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *