ഐഎസ് തീവ്രവാദബന്ധം ആരോപിച്ച് ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മലയാളിയടക്കം രണ്ട് പേര് എന്‍ഐഎയുടെ ഓഫീസില്‍ ഹാജരായി.
മലയാളിയും തമിഴ്നാട്ടിലെ കോയമ്ബത്തൂര്‍ ജില്ലയിലെ മേട്ടുപ്പാളയത്ത് താമസക്കാരനുമായ റഹ്മത്തുള്ള, അമീര്‍ എന്നിവരാണ് സ്വന്തം അഭിഭാഷകരോടപ്പം കൊച്ചി ബ്രാഞ്ച് ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഹാജരായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യല്ലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമന്‍സ് കൈമാറിയത്.
സമന്‍സ് ലഭിച്ച ഉടനെ അമീര്‍ മേട്ടുപ്പാളയം പോലീസില്‍ ഹാജരാവുകയും എന്‍ഐഎ, ഐബി, തമിഴ്നാട് രഹസ്യാന്വേഷണ സേന എന്നിവരുടെ ചോദ്യം ചെയ്യല്ലിന് വിധേയനാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൈകീട്ടോടെ ഇയാളെ വിട്ടയക്കുകയും ചെയ്തു.
എന്നാല്‍ എന്‍ഐഎ എസ്പി നേരിട്ടെത്തി അന്വേഷണം നടത്തിയിട്ടും റഹ്മത്തുള്ളയെ കണ്ടെത്താനായിരുന്നില്ല. സുഹൃത്തിനോടൊപ്പം കൊടൈക്കനാല്‍ യാത്രയിലായിരുന്നതായാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറയുന്നത്.
മേട്ടുപ്പാളയത്തുള്ള അഭിഭാഷകരോടപ്പമാണ് ഇയാള്‍ അന്വേഷണ ഏജന്‍സിക്ക് മുമ്ബില്‍ ഹാജരായത്. അമീര്‍ നടത്തുന്ന സെല്‍ഫോണ്‍ കടയിലെ തൊഴില്‍പങ്കാളിയും സ്വകാര്യആംബുലന്‍സ് ഡ്രൈവറുമാണ് റഹ്മത്തുള്ള.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസം സെല്‍ഫോണ്‍ കടയില്‍ നിന്ന് ആവശ്യമായ രേഖകള്‍ നല്കി 5 സിംകാര്‍ഡുകള്‍ വാങ്ങിയശേഷം വിദേശത്തടക്കം തീവ്രവാദബന്ധം സ്ഥിരീകരിക്കുന്ന ഫോണ്നമ്ബറുകളിലേക്ക് വിളിച്ചതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഐഎസ് തീവ്രവാദ ബന്ധം അന്വേഷിക്കുന്ന കൊച്ചിയിലെ ദേശിയ അന്വേഷണ ഏജന്‍സി റഹ്മത്തുള്ളയേയും സിംകാര്‍ഡ് വിതരണം ചെയ്ത അമീരിനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് വിവരം.













