ഹാദിയ കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രിം കോടതി. ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ വിവാഹം റദ്ദാക്കുക എങ്ങനെയെന്ന് കോടതി ചോദിച്ചു. കേസില്‍ ഹാദിയയുടെ നിലപാടും അറിയണം. ഹാദിയയെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും കോടതി ആവര്‍ത്തിച്ചു.
വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടാണെന്നും കോടതി പറഞ്ഞു. ഈ മാസം 30 ന് കേസ് വീണ്ടും പരിഗണിക്കും.

അതിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. വാദത്തിനിടെ ഇരുവിഭാഗം അഭിഭാഷകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
എന്‍.ഐ.എ കേന്ദ്രസര്‍ക്കാരിന്റെ കൈയിലെ പാവയാണെന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന്റെ അഭിഭാഷകന് ദുഷ്യന്ത് ദവേ ആരോപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സംസ്ഥാനത്ത് എത്തുന്നത് സംഘര്ഷമുണ്ടാക്കാനാണെന്നും ദുഷ്യന്ത് ദവേ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കോടതിയില്‍ രാഷ്ട്രീയം പറയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തിനു പുറത്തുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും കോടതി മുന്നറിയിപ്പ് നല്കി.
ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും എന്‍.ഐ.എ അന്വേഷണം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് ഷെഫിന് ജഹാന് നല്കിയ ഹരജിയാണ് കോടതി ഇന്ന് പരിഗണിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ 24 വയസ്സുള്ള ഹാദിയക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും അച്ഛന് മാത്രമല്ല സംരക്ഷണാവകാശ ചുമതലയെന്നും സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു.
മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വിരമിച്ച സാഹചര്യത്തില്‍ നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹാദിയയുടേത് നിര്‍ബന്ധിത മതംമാറ്റമല്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. വ്യക്തികളുടെയോ സംഘടനയുടെയോ സമ്മര്‍ദം ഹാദിയയുടെ മതംമാറ്റത്തിന് പിന്നിലുണ്ടായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്.
ഇതേത്തുടര്‍ന്നാണ് ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കേണ്ടെന്ന നിലപാട് കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്വീകരിച്ചത്.
സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നു ഹാദിയ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതേമൊഴി തന്നെയാണ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലിസിനും ഹാദിയ നല്‍കിയത്. മതംമാറാന്‍ തീവ്രവാദ സംഘടനകള്‍ സ്വാധീനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.













