മദ്രസകളുടെ ഗ്രാന്റ് നിര്‍ത്തലാക്കല്‍: യോഗിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്


ഉത്തര്‍പ്രദേശിലെ മദ്രസകള്‍ക്ക് നല്‍കി വന്നിരുന്ന ഗ്രാന്റ് യോഗി സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. ഒരു മതങ്ങളെയും ബഹുമാനിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്.


ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശിലെ 46 മദ്രസകള്‍ക്ക് കാലങ്ങളായി നല്‍കി വന്നിരുന്ന സര്‍ക്കാരിന്റെ ഗ്രാന്റ് യോഗിയുടെ ബി.ജെ.പി സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. വിതരണത്തിലെ ക്രമക്കേട് ആരോപിച്ചാണ് ഗ്രാന്റ് നല്‍കുന്നത് നിര്‍ത്തലാക്കിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.


വീഴ്ച വരുത്തിയെന്ന് കാണിച്ച് 2017 ഏപ്രില്‍ മുതല്‍ 46 മദ്രസകള്‍ക്ക് ഗ്രാന്റ് നിഷേധിക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആകെ 560 മദ്രസകള്‍ക്കാണ് ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നത്. രണ്ടു മാസത്തെ അന്വേഷണം നടത്തിയതിനു ശേഷമാണ് സര്‍ക്കാര്‍ ഗ്രാന്റ് നിര്‍ത്തലാക്കി ഉത്തരവിട്ടത്.



Sharing is Caring